കേസിൽനിന്നു രക്ഷപെടാൻ ദിലീപ് വ്യാജരേഖ ഉണ്ടാക്കിയെന്നു പൊലീസ്

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപിനെതിരെ പുതിയ തെളിവുകളുമായി അന്വേഷണ സംഘം. നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലാണെന്നു വരുത്തി തീർക്കാൻ വ്യാജരേഖയുണ്ടാക്കാൻ ദിലീപ് ശ്രമിച്ചിരുന്നതായാണു കണ്ടെത്തൽ. നടി ആക്രമിക്കപ്പെട്ട സമയത്ത് താൻ ചികിൽസയിൽ ആയിരുന്നുവെന്ന് ദിലീപ് മൊഴി നൽകിയിരുന്നു. ഇതു തെളിയിക്കുന്ന മെഡിക്കൽ രേഖകളും ഹാജരാക്കി. എന്നാൽ ഇവ വ്യാജമാണെന്നും സംഭവസമയത്ത് ദിലീപ് സിനിമാ ലൊക്കേഷനുകളിൽ എത്തിയിരുന്നതായും പൊലീസ് പറയുന്നു.

കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കുന്ന സാഹചര്യത്തിൽ വന്നിരിക്കുന്ന പുതിയ കണ്ടെത്തലുകൾ ദിലീപിനു തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടിമുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ദിലീപിനെതിരെ ചുമത്തും. കുറ്റപത്രത്തിനൊപ്പം നൽകാൻ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോർട്ടും പൊലീസ് തയാറാക്കിയിട്ടുണ്ട്.

നിയമവിദഗ്ധരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനുശേഷം അടുത്ത ദിവസങ്ങളി‍ൽ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. സമീപകാലത്തു കേരള പൊലീസ് തയാറാക്കിയ ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രമാണിതെന്നാണ് വകുപ്പിൽനിന്നു തന്നെയുള്ള വിലയിരുത്തൽ. കുറ്റപത്രത്തിൽ ദിലീപ് ഒന്നാം പ്രതിയാണെന്നും സൂചനകളുണ്ട്.