ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തിൽ തീരുമാനമായില്ല; കുറ്റപത്രം തയാറെന്ന് എസ്പി

കൊച്ചി ∙ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമായില്ല. രാത്രി വൈകി കൊച്ചിയില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗം ഇക്കാര്യം ചർച്ച െചയ്തെങ്കിലും ചില നിയമവശങ്ങൾ കൂടി പരിഗണിച്ചശേഷം അന്തിമതീരുമാനം കൈക്കൊള്ളാമെന്ന ധാരണയിൽ പിരിഞ്ഞു. ഗൂഢാലോചന കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു അന്വേഷണ സംഘത്തിന്റെ യോഗം. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെയുളള തെളിവുകള്‍ യോഗം വിലയിരുത്തി. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള യോഗം രണ്ടു മണിക്കൂറോളം നീണ്ടു.

കേസില്‍ ദിലീപിനെതിരായ കുറ്റപത്രം തയാറായിക്കഴിഞ്ഞെന്ന് ആലുവ റൂറല്‍ എസ്പിയും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനുമായ എ.വി. ജോര്‍ജ് പറഞ്ഞു. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണ സംഘത്തിന്‍റെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ എ.സുരേശനും യോഗത്തിൽ പങ്കെടുത്തു. അതേസമയം, കുറ്റപത്രം തയാറായിട്ടും ദിലീപിനെ പ്രതിപ്പട്ടികയിൽ എവിടെ ചേർക്കണമെന്ന കാര്യത്തിൽ തീരുമാനമാകാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. നിലവിൽ കേസിൽ 11–ാം പ്രതിയാണ് ദിലീപ്.

നടിയെ ആക്രമിച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ തയാറാക്കുന്ന കുറ്റപത്രം പഴുതടച്ചുള്ളതാണെന്ന് ഉറപ്പാക്കാനാണ് പൊലീസ് ശ്രമം. ഇതിനായി ദിലീപിനെതിരെ പരമാവധി തെളിവുകൾ നിരത്തി ഗൂഢാലോചന തെളിയിക്കും. കുറ്റപത്രം തയ്യാറാക്കുന്നതിലെ ചെറിയ പിഴവുപോലും കുറ്റക്കാർ രക്ഷപ്പെടാൻ വഴിവെക്കുമെന്ന ബോധ്യം അന്വേഷണ സംഘത്തിനുണ്ട്. കേസിലെ നിർണായക തൊണ്ടിമുതലായ മൊബൈൽഫോൺ നശിപ്പിച്ചെന്ന കേസിൽ പൾസർ സുനിയുടെ അഭിഭാഷകർക്കെതിരെ സ്വീകരിക്കേണ്ട നടപടികളും അതിന്റെ നിയമ വശങ്ങളും ഇന്ന് നടന്ന യോഗത്തിൽ ചർച്ചയായെന്നാണ് സൂചന.