കടകംപള്ളിയുടെ ചൈന സന്ദർശനം: ദേശീയ താൽപര്യത്തിനു വിരുദ്ധമെന്ന് ആർടിഐ മറുപടി

കൊച്ചി∙ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൈന സന്ദർശിക്കുന്നതു ദേശീയതാൽപര്യത്തിനു വിരുദ്ധമാകുമെന്നതിനാലാണ് അനുമതി നിഷേധിച്ചതെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അനുമതി നിഷേധിച്ചതിനു കാരണം ആർടിഐ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം തേടിയപ്പോഴാണ് ഈ മറുപടി. മന്ത്രി പങ്കെടുക്കേണ്ട പരിപാടിക്കു നിലവാരമില്ലാത്തതിനാൽ അനുമതി നിഷേധിച്ചെന്നായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് േനരത്തെ വിശദീകരിച്ചത്.

ഐക്യരാഷ്ട്ര സംഘടനയു‌ടെ കീഴിലുള്ള ലോക ടൂറിസം ഒാർഗനൈസേഷൻ യോഗം രാജ്യതാൽപര്യത്തിനു വിരുദ്ധമാണെന്നാണു മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുമതി നിഷേധിച്ചതിനു വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്ന കാരണം. വിദേശ സന്ദർശനത്തിനു സംസ്ഥാനമന്ത്രിക്ക് അനുമതി നൽകുന്നതും നിഷേധിക്കുന്നതും, മന്ത്രി പങ്കെടുക്കേണ്ട പരിപാടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയവശങ്ങൾ വിശദമായി പരിശോധിച്ചു വിദേശകാര്യ മന്ത്രാലയം തയാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. ഈ റിപ്പോർട്ടിൽ മന്ത്രിയുടെ സന്ദർശനം രാജ്യതാൽപര്യത്തിനു വിരുദ്ധമെന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്.

ദോക് ലാ അതിർത്തി സംഘർഷമടക്കം നിലനിരുന്ന കാലത്ത് കേന്ദ്രമന്ത്രിമാർ ചൈന സന്ദർശിച്ചിരുന്നു. എന്നാൽ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടൊരു പരിപാടിയിൽ പങ്കെടുക്കാൻ കടകംപള്ളി സുരേന്ദ്രന് അനുമതി നിഷേധിച്ചതിനു വ്യക്തമായ ന്യായീകരണം നൽകാൻ അന്നു കേന്ദ്രസർക്കാരിനു കഴിഞ്ഞിരുന്നില്ല.

വിഷയം വിവാദമായപ്പോൾ മന്ത്രി പങ്കെടുക്കേണ്ട പരിപാടിക്കു നിലവാരമില്ലാത്തതിനാൽ അനുമതി നിഷേധിച്ചെന്നു പറഞ്ഞു കേന്ദ്രമന്ത്രി വി.കെ. സിങ് തലയൂരുകയായിരുന്നു.