ബാങ്ക് അക്കൗണ്ട് നിർബന്ധമായും ആധാറുമായി ബന്ധിപ്പിക്കണം: റിസര്‍വ് ബാങ്ക്

മുംബൈ ∙ ബാങ്ക് അക്കൗണ്ടുകള്‍ നിർബന്ധമായും ആധാറുമായി ബന്ധിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാന്‍ ആര്‍ബിഐ ഉത്തരവില്ലെന്ന്, വിവരാവകാശ മറുപടിയെ ഉദ്ധരിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണു ആര്‍ബിഐയുടെ വിശദീകരണം.  

കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമപ്രകാരം ആധാറും ബാങ്ക് അക്കൗണ്ടും തമ്മില്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്നാണ് പുതിയ ഉത്തരവിൽ ആർബിഐ പറയുന്നത്. ഇക്കാര്യം നടപ്പിലാക്കുന്നതിനു ബാങ്കുകള്‍ ഇനിയൊരു ഉത്തരവിനായി കാത്തിരിക്കേണ്ടതില്ല. നിര്‍ദ്ദേശം അടിയന്തരമായി നടപ്പാക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനും അൻപതിനായിരവും അതിൽക്കൂടുതലും കൈമാറ്റം ചെയ്യുന്നതിനും ആധാർ നിർബന്ധമാണെന്നു കഴിഞ്ഞ ജൂണിലാണ് സർക്കാർ നിർബന്ധമാക്കിയത്. നിലവിൽ ബാങ്ക് അക്കൗണ്ടുവർ ഡിസംബര്‍ 31ന് മുൻപ് ആധാറുമായി ബന്ധിപ്പിക്കണമെന്നും സർക്കാർ ഉത്തരവുണ്ട്. ഇതിനിടെയാണ്, വിവരാവകാശ മറുപടി ആശയക്കുഴപ്പം സൃഷ്ടിച്ചത്.