സ്വകാര്യ ഏജൻസിയുടെ പ്രത്യേക സുരക്ഷ: ദിലീപിന് പൊലീസിന്റെ നോട്ടിസ്

കൊച്ചി ∙ യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിനു സുരക്ഷയൊരുക്കുന്ന സ്വകാര്യ സുരക്ഷാസേനയുടെ വിശദാംശങ്ങൾ തേടി പൊലീസ്. ഒപ്പമുള്ളവരുടെ രേഖകളും വിശദാംശങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് പൊലീസ് നോട്ടിസ് നൽകി. സുരക്ഷാ ഏജൻസിയുടെ ലൈസൻസ് ഹാജരാക്കണം. ആയുധങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ലൈസൻസ്, ഏജൻസിക്കു നൽകിയിരിക്കുന്ന കരാറിന്റെ പകർപ്പ് തുടങ്ങിയവയും കൈമാറണം. രേഖകളെല്ലാം തിങ്കളാഴ്ചയ്ക്കുള്ളിൽ നൽകണമെന്നാണു നിർദേശം.

ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്സിലെ ഉദ്യോഗസ്ഥരാണു ദിലീപിനു സുരക്ഷ ഒരുക്കുന്നത്. മൂന്നുപേർ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. ജനമധ്യത്തിൽ ദിലീപ് ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്.

പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു; വാഹനം കസ്റ്റഡിയിലെടുത്തു

ദിലീപിനു സുരക്ഷയൊരുക്കാൻ നിയോഗിക്കപ്പെട്ട സ്വകാര്യ ഏജൻസി തണ്ടർ ഫോഴ്സിന്റെ വാഹനം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയിൽ‌ എടുത്തത്. കൊച്ചിയില്‍ ഇതേ ഏജന്‍സിയുടെ വാഹനം തടഞ്ഞപ്പോള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതാണു കസ്റ്റഡിയിലെടുക്കാന്‍ കാരണം. മലേഷ്യയില്‍നിന്നുള്ള സ്പീക്കറുടെ സുരക്ഷയ്ക്കുള്ള വാഹനമാണെന്നാണു പറഞ്ഞത്. എന്നാല്‍, മലേഷ്യയില്‍നിന്ന് അങ്ങനെയൊരു സ്പീക്കര്‍ ഔദ്യോഗികമായി വന്നിട്ടില്ലെന്നു പൊലീസ് കണ്ടെത്തി. അതേസമയം, മലേഷ്യയില്‍നിന്നുള്ള സ്പീക്കര്‍ അനൗദ്യോഗികമായ കേരളത്തില്‍ വന്നിട്ടുണ്ടെന്നും സ്വകാര്യ സുരക്ഷ മതിയെന്നു പറഞ്ഞതായും ഏജന്‍സി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ചു ബോധ്യപ്പെട്ടതോടെ വാഹനം പിന്നീടു വിട്ടയച്ചു.

തണ്ടർ ഫോഴ്സ്: പ്രവർത്തനം 11 സംസ്ഥാനങ്ങളിൽ

രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സുരക്ഷാ ഏജൻസിയാണു തണ്ടർ ഫോഴ്സ്. നാവിക സേനയിലെ വിരമിച്ച ഉദ്യോഗസ്ഥനായ കാസര്‍കോട് സ്വദേശി അനില്‍ നായരാണു ഉടമ. നാലു വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഏജൻസിക്ക് തൃശൂർ, പാലക്കാട് ജില്ലകളിൽ ഓഫിസുകളുണ്ട്. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ പി.എ.വൽസനാണു കേരളത്തിന്റെ ചുമതലയുള്ളത്.

കഴിഞ്ഞ മാര്‍ച്ചില്‍ ജോലിയില്‍നിന്നു വിരമിച്ച ശേഷം ഇദ്ദേഹം കേരളത്തിൽ തണ്ടർ ഫോഴ്സിന്റെ ചുമതലക്കാരനായുണ്ട്. കേരളത്തില്‍ നൂറു പേര്‍ ജീവനക്കാരാണ്. തോക്ക് കൈവശം വയ്ക്കാൻ അധികാരമുള്ള ഈ ഏജൻസിയിൽ ആയിരത്തോളം വിമുക്ത ഭടന്മാർ ജോലി ചെയ്യുന്നുണ്ട്.

ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുകയാണു സുരക്ഷാ ഭടന്‍മാരുടെ ജോലി. മൂന്നുപേരെ 24 മണിക്കൂറും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ദിലീപിനെ ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതിരോധിക്കുക, കയ്യോടെ പിടികൂടി പൊലീസിനു കൈമാറുക തുടങ്ങിയ ദൗത്യമാണ് ഇവര്‍ ചെയ്യേണ്ടത്. ബോളിവുഡില്‍ സിനിമാ താരങ്ങള്‍ക്കു സമാനമായ സുരക്ഷാ സംവിധാനമാണുള്ളത്.

മാവോയിസ്റ്റുകളെ തിരയാനിറങ്ങുന്ന കേരള പൊലീസിലെ കമാൻഡോ യൂണിറ്റായ തണ്ടർ ബോള്‍ട്ടിന്റെ അതേ യൂണിഫോമാണ് തണ്ടർ ഫോഴ്സിന്റേതും. കേരളത്തില്‍ ഇതുവരെ ദിലീപ് ഉള്‍പ്പെടെ നാലു പേരാണ് വ്യക്തിഗത സുരക്ഷയ്ക്കായി തണ്ടർ ഫോഴ്സിനെ സമീപിച്ചിട്ടുള്ളത്. മറ്റു മൂന്നു പേര്‍ വ്യവസായികളാണ്.