മുംബൈ ∙ ഇരുന്നൂറാം ഏകദിനത്തിൽ സെഞ്ചുറി നേട്ടത്തിൽ രണ്ടാം സ്ഥാനക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കിയ വിരാട് കോഹ്‌ലിക്ക് ഇന്ത്യയെ രക്ഷിക്കാനായില്ല. ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ആതിഥേയർക്ക് ആറുവിക്കറ്റ് തോൽവി. സ്കോർ: ഇന്ത്യ–50 ഓവറിൽ എട്ടിന് 280, ന്യൂസീലൻഡ്–49 ഓവറിൽ നാലിന് 284. തകർപ്പൻ സെഞ്ചുറിയോടെ കളം വാണ ടോം ലതാമും (103*) സെഞ്ചുറിക്ക് അഞ്ചു റൺസ് അകലെ പുറത്തായ റോസ് ടെയ്‌ലറുമാണ് ന്യൂസീലൻഡിനെ വിജയത്തിലേക്കു നയിച്ചത്. മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ സന്ദർശകർക്ക് 1–0 ലീഡായി. ഈ കളി വിജയിച്ചിരുന്നെങ്കിൽ ഏകദിന റാങ്കിങ്ങിൽ ഇന്ത്യയ്ക്കു കഴിഞ്ഞ ദിവസം നഷ്ടമായ ഒന്നാം സ്ഥാനം തിരികെ ലഭിച്ചേനെ. ദക്ഷിണാഫ്രിക്കയാണു നിലവില്‍ ഒന്നാം സ്ഥാനത്ത്.
നേരത്തേ, 125 പന്തിൽ 121 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‌ലി ഏകദിനത്തിലെ സെഞ്ചുറി നേട്ടം 31 ആക്കി.
സെഞ്ചുറികളുടെ എണ്ണത്തിൽ രണ്ടാമനായിരുന്ന മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിനെ മറികടന്ന കോഹ്‌ലിക്കു മുന്നിൽ ഇനിയുള്ളതു 49 സെഞ്ചുറികളുടെ റെക്കോർഡുമായി സച്ചിൻ തെൻഡുൽക്കർ മാത്രം. ഒൻപതു ബൗണ്ടറികളും രണ്ടു സിക്സറും ഉൾപ്പെടെ സെഞ്ചുറിയിലേക്കു കുതിച്ച കോഹ്‌ലി ദക്ഷിണാഫ്രിക്കക്കാരൻ എബി ഡിവില്ലിയേഴ്സിനു ശേഷം 200–ാം ഏകദിനത്തിൽ സെഞ്ചുറി നേടുന്ന താരവുമായി.
നാലാമത്തെ ഓവറിൽ ബാറ്റ് ചെയ്യാനെത്തി 50–ാം ഓവർ വരെ ക്രിസീൽനിന്ന കോഹ്‌ലിയാണ് മൂന്നിന് 71 എന്ന നിലയിൽ മങ്ങിപ്പോയ ടീമിനെ 280ൽ എത്തിച്ചത്.