സ്കൂൾ കായികമേള: സ്വർണ കപ്പിൽ മുത്തമിട്ട് എറണാകുളം; സ്കൂളുകളിൽ മാർ ബേസിൽ

ജൂനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയിൽ ഒന്നാം സ്ഥാനം നേടിയ അലക്സ് ജോസഫ്. റെക്കോർഡ് നേട്ടത്തോടെയാണ് അലക്സിന്റെ സ്വർണനേട്ടം. ചിത്രം: സമീർ എ. ഹമീദ്

പാലാ∙ സംസ്ഥാന സ്കൂള്‍ കായികമേളയിൽ കഴിഞ്ഞ വർഷത്തെ തോൽവിക്ക് പാലക്കാടിനു മറുപടി നൽകി എറണാകുളം. 35 സ്വർണവുമായി എറണാകുളം ജില്ല കിരീടം നേടി. കോതമംഗലം മാർ ബേസിലാണ് സ്കൂളുകളിൽ ഏറ്റവുമധികം പോയിന്റ് നേടിയത്. ജില്ലാടിസ്ഥാനത്തിൽ പാലക്കാട് രണ്ടാമതെത്തിയെങ്കിലും സ്കൂളുകളിൽ ആ നേട്ടം സ്വന്തമാക്കാൻ അവർക്കായില്ല. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ആണ് രണ്ടാമതെത്തിയത്.

അതേസമയം, സീനിയർ പെൺകുട്ടികളുടെ 4X400 മീറ്റർ‌ റിലേയിൽ പാലക്കാട് സ്വർണം നേടി. എറണകുളത്തിനാണ് രണ്ടാം സ്ഥാനം. സീനിയർ ആണ്‍കുട്ടികളുടെ 4X400 മീറ്റർ‌ റിലേയിൽ തിരുവനന്തപുരത്തിനാണ് ഒന്നാം സ്ഥാനം. അതിനിടെ, സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഒന്നാമതെത്തിയ കോഴിക്കോടിന്റെ അപര്‍ണ റോയി ട്രിപ്പിള്‍ സ്വര്‍ണനേട്ടം കൈവരിച്ചു. ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയ തൃശൂരിന്റെ ആന്‍സി സോജന്‍ സ്പ്രിന്റ് ഡബിളും കരസ്ഥമാക്കി.

സീനിയർ പെൺകുട്ടികളുടെ ഹൈജംപിൽ സ്വർണം നേടിയ പാലക്കാടിന്റെ എം. ജിഷ്ന. റെക്കോർഡ് നേട്ടത്തോടെയാണ് ജിഷ്നയുടെ സ്വർണനേട്ടം. ചിത്രം: സമീർ എ. ഹമീദ്

സീനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാടിന്റെ ടി.പി. അമലും ജൂനിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ സി. അഭിനവുമാണ് ജേതാക്കള്‍.