ലക്നൗ–ആഗ്ര ദേശീയപാതയിൽ ലാൻഡ് ചെയ്തത് കൂറ്റൻ ചരക്കു വിമാനവും– വിഡിയോ

വ്യോമസേനയുടെ ചരക്കുവിമാനം ലക്നൗ – ആഗ്ര എക്സ്പ്രസ് വേയിൽ ഇറക്കിയപ്പോൾ. ചിത്രം: ട്വിറ്റർ

ലക്നൗ ∙ വ്യോമസേനയുടെ 16 വിമാനങ്ങൾ പരിശീലനത്തിന്റെ ഭാഗമായി ലക്നൗ–ആഗ്ര അതിവേഗ പാതയിൽ രാവിലെ പറന്നിറങ്ങി. വിമാനത്താവളങ്ങൾ തകർക്കപ്പെടുകയോ റൺവേ ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ഹൈവേകളിൽ വിമാനമിറക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു ഇത്.

35,000 കിലോ ഭാരമുള്ള സി–130 ജെ സൂപ്പർ ഹെർക്കുലീസ്, മിറാഷ് 2000, സുഖോയ് 30എംകെഐ തുടങ്ങിയ വിമാനങ്ങളാണു ഹൈവേയിൽ സുഗമമായി ലാൻഡ് ചെയ്തതും തിരികെ പറന്നതും. പരിശീലനം മൂന്നു മണിക്കൂർ നീണ്ടു. ലക്നൗവിൽനിന്ന് 65 കിലോമീറ്റർ അകലെ ബംഗാർമൗ ഭാഗത്തായിരുന്നു ലാൻഡിങ് സ്ട്രിപ്. പാതയിലെ ഗതാഗതം നിയന്ത്രിച്ചായിരുന്നു പരിശീലനം.

ഡൽഹിക്കു സമീപം യമുന അതിവേഗപ്പാതയിൽ 2015 മേയിൽ മിറാഷ് 2000 യുദ്ധവിമാനം ലാൻഡ് ചെയ്തിരുന്നു. പിന്നീടു 2016 നവംബറിൽ ആഗ്ര–ലക്നൗ അതിവേഗ പാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചും ആറു യുദ്ധവിമാനങ്ങൾ ഹൈവേയിലിറക്കി. 16 വിമാനങ്ങളെ പങ്കെടുപ്പിച്ചുള്ള പരിശീലനം ഇതാദ്യമായാണെന്നു സെൻട്രൽ കമാൻഡ് പിആർഒ ഗാർഗി മാലിക് സിൻഹ പറഞ്ഞു. സൈനിക ആവശ്യത്തിനു പുറമേ വെള്ളപ്പൊക്കമോ മറ്റു പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പരിശീലനം ഉപകരിക്കും. ഇതിന്റെ ഭാഗമായാണു ചരക്കു വിമാനം കൂടി ഉൾപ്പെടുത്തിയത്.

സൂപ്പർ ഹെർക്കുലീസിന് 200 കമാൻഡോകളെ വഹിക്കാനാകും. 2010ൽ സേനയുടെ ഭാഗമായ ഈ വിമാനത്തിന് 900 കോടി രൂപയാണ് ചെലവ്. മിറാഷ് 2000, സുഖോയ് 30 യുദ്ധ വിമാനങ്ങൾ രണ്ടുതവണ അതിവേഗ പാതയിൽ ലാൻ‍ഡ് ചെയ്തു. വൻതോതിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാം എന്നതിനു പുറമേ ആളുകളെ ഒഴിപ്പിക്കാനും ഹെർക്കുലീസിനു കഴിയുമെന്ന് എയർ മാർഷൽ എസ്.ബി.ഡിയോ പറഞ്ഞു.