തോമസ് ചാണ്ടിക്കെതിരായ റിപ്പോർട്ട് പരിശോധിക്കാൻ സമയം വേണം: കോടിയേരി

കണ്ണൂർ∙ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമിയിടപാടു സംബന്ധിച്ചു കലക്ടർ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചു തീരുമാനമെടുക്കാനുള്ള സാവകാശം സർക്കാരിനു നൽകണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. റിപ്പോർട്ട് സർക്കാർ പരിശോധിച്ചു വരികയാണ്. പരിശോധിച്ച ശേഷം ഉചിതമായ നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു.

മുൻപ് ഇ.പി.ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹത്തോടു സിപിഎം രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നു കോടിയേരി പ്രതികരിച്ചു. പാർട്ടിയുടെ യശസ്സ് ഉയർത്തിപ്പിടിക്കാൻ അദ്ദേഹം സ്വയം രാജിവയ്ക്കുകയായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വിശ്വാസികളായ അഹിന്ദുക്കൾക്കു പ്രവേശനം നൽകാമെന്ന തന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ഇക്കാര്യം സർക്കാർ ചർച്ച ചെയ്ത് അഭിപ്രായ സമന്വയം ഉണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു.

തോമസ് ചാണ്ടിയുടെയും ബന്ധുവിന്റെയും ഭൂമി ഇടപാടുകളിൽ ഭൂസംരക്ഷണ നിയമവും നെൽവയൽ‌, തണ്ണീർ‌ത്തട നിയമവും ലംഘിച്ചതായും കയ്യേറ്റം സ്ഥിരീകരിച്ചതായും കാണിച്ചാണു കലക്ടർ ടി.വി.അനുപമ റിപ്പോർട്ട് നൽകിയത്.