കശ്മീരിലേക്കു പ്രത്യേക പ്രതിനിധി: സേനാ നീക്കത്തെ ബാധിക്കില്ലെന്ന് ബിപിൻ റാവത്ത്

ന്യൂഡൽഹി∙ കശ്മീരിലേക്കു പ്രത്യേക പ്രതിനിധിയെ കേന്ദ്രം നിയോഗിച്ചത് താഴ്‍വരയിലെ സൈനിക നീക്കങ്ങളെ ബാധിക്കില്ലെന്നു സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഇന്റലിജൻസ് ബ്യൂറോ (ഐബി) മുൻ ഡയറക്ടർ ദിനേശ്വർ ശർമയെ കശ്മീർ ചർച്ചകൾക്കുള്ള കേന്ദ്രസർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചതിനോടു പ്രതികരിക്കുകയായിരുന്നു ബിപിൻ റാവത്ത്.

സൈന്യത്തിന്റെ ആധുനികവത്കരണത്തെപ്പറ്റി ഫിക്കി സെമിനാറിൽ പ്രസംഗിക്കുമ്പോഴാണു സൈനിക മേധാവി നിലപാടു വ്യക്തമാക്കിയത്. സർക്കാരിന്റെ നയപരമായ നീക്കങ്ങൾക്കൊപ്പം പ്രശ്നങ്ങൾ തീർക്കാൻ സൈന്യവും ശ്രമിക്കുന്നുണ്ട്. താഴ്‍വരയുടെ സുരക്ഷിതത്വം പ്രധാന പരിഗണനാവിഷയമാണ്. അതിർത്തിയിൽ മാത്രമൊതുക്കാതെയുള്ള നീക്കങ്ങളാണു സൈന്യത്തിന്റേത്. ഇലക്ട്രോണിക് പോരാട്ടവും മുന്നറിയിപ്പു സംവിധാനവും കൂടുതൽ സജീവമാക്കും. താഴ്‍വരയിൽ ഭീകരർക്കെതിരായ സേനാനീക്കത്തിൽ മാറ്റമൊന്നുമില്ലെന്നും ബിപിൻ റാവത്ത് പറഞ്ഞു.

അടുത്തകാലത്തു കശ്മീരിൽ 140 ഭീകരരെയാണു സൈന്യം വകവരുത്തിയത്. തദ്ദേശീയമായി വികസിപ്പിക്കുന്ന സംവിധാനങ്ങൾ ഉപയോഗിച്ച് സൈന്യത്തെ ആധുനികമാക്കും. ഉറി, പഠാൻകോട്ട് ഭീകരാക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കം ഉറപ്പായുമുണ്ടാകും. വിവരശേഖരണവും നിരീക്ഷണ സംവിധാനങ്ങളും കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ റാങ്കിലാണ്, 1979 ബാച്ച് കേരള കേഡർ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ ദിനേശ്വർ ശർമയുടെ നിയമനം. കശ്മീരിലെ സംഘടനകളും വ്യക്തികളുമായി വിശദമായ ചർച്ച നടത്തിയശേഷം ദിനേശ്വർ ശർമ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു റിപ്പോർട്ട് നൽകും. ചർച്ചകൾക്കുസമയപരിധി നിശ്ചയിച്ചിട്ടില്ല.