നോട്ടുനിരോധന വാർഷികം ‘കരി’ദിനമാക്കാൻ പ്രതിപക്ഷം; സമ്മതിക്കില്ലെന്ന് ബിജെപി

കോൺഗ്രസ് വക്താവ് ആനന്ദ് ശർമ, കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി.

ന്യൂഡൽഹി ∙ ദേശീയ രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്കു വഴിമരുന്നിട്ട നോട്ടുനിരോധനത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിനെ ചൊല്ലി ഭരണ, പ്രതിപക്ഷ പാർട്ടികൾ തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത. നോട്ടു നിരോധനത്തിന്റെ ഒന്നാം വാർഷിക ദിനമായ നവംബർ എട്ട് കരിദിനവും വഞ്ചനാദിനവുമായി ആചരിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികളും കള്ളപ്പണവിരുദ്ധ ദിനമായി ആചരിക്കുമെന്ന പ്രഖ്യാപനവുമായി ബിജെപിയും രംഗത്തെത്തിയതോടെ, നോട്ടുനിരോധനത്തിന്റെ പേരിലുള്ള തർക്കം വരും ദിനങ്ങളിലും കൂടുതൽ കരുത്തോടെ തുടരുമെന്ന് ഉറപ്പായി.

നവംബർ എട്ടിനു കരിദിനമായി ആചരിക്കുമെന്ന് കോൺഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചതിനു പിന്നാലെ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി വാർത്താസമ്മേളനം വിളിച്ചാണ് ബിജെപിയുടെ നിലപാട് വ്യക്തമാക്കിയത്. നവംബർ എട്ട് വഞ്ചനാദിനമായി ആചരിക്കുമെന്ന് ആം ആദ്മി പാർട്ടിയും കരിദിനമായി ആചരിക്കുമെന്ന് തൃണമൂൽ കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. നോട്ടുനിരോധന വാർഷികത്തിന്റെ അന്ന് സിപിഎം ഉൾപ്പെടെയുള്ള 18 പ്രതിപക്ഷ പാർട്ടികൾ കരിദിനാചാരണം നടത്തുമെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച് തെറ്റായ കണക്കുകൾ നൽകി കേന്ദ്രം ജനങ്ങളെ പറ്റിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന വാദം പച്ചക്കള്ളമാണ്. സമ്പദ്‌വ്യവസ്ഥയെ നേരായ ദിശയിലേക്കു നയിക്കാനുള്ള ആശയങ്ങളും ബിജെപിയുടെ കൈവശമില്ല. നോട്ടുനിരോധനത്തിലൂടെ ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു, കർഷകരെയും കച്ചവടക്കാരെയും ഉൾപ്പെടെ ദുരിതത്തിലാക്കി. സമ്പദ്ഘടനയെ നശിപ്പിച്ച് ‘ഐസിയു’വിലാക്കുകയാണ് മോദി ചെയ്തതെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശർമ വിമർശിച്ചു.

എന്നാൽ, അധികാരത്തിലിരിക്കെ കള്ളപ്പണത്തിനെതിരെ ഒരു ചെറുവിരലനക്കാൻ പോലും കോൺഗ്രസ് തയാറായിട്ടില്ലെന്ന് ജയ്റ്റ്‌ലി തിരിച്ചടിച്ചു. നവംബർ എട്ടു വരെ ബിജെപി മന്ത്രിമാരുടെയും പാർട്ടി പ്രവർത്തകരുടെയും നേതൃത്വത്തിൽ നോട്ടുനിരോധനംസംബന്ധിച്ച് രാജ്യമൊട്ടാകെ അഭിപ്രായ രൂപീകരണം നടത്തും. കള്ളപ്പണ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജയ്റ്റ്ലി അറിയിച്ചു.

നോട്ടുനിരോധനത്തിന്റെ യഥാർഥ ലക്ഷ്യത്തെപ്പറ്റി അറിയാത്തവരാണ് കള്ളപ്പണം പുറത്തുകൊണ്ടുവരാനായില്ല എന്ന വിമർശനമുന്നയിക്കുന്നത്. നോട്ടുരഹിത സമ്പദ്ഘടന കൊണ്ടുവരിക, ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക, നികുതിക്കു കീഴിലേക്ക് കൂടുതൽ പേരെ എത്തിക്കുക എന്നിവയിൽ ലക്ഷ്യംകാണാൻ നോട്ട് അസാധുവാക്കലിനു സാധിച്ചു. അധികാരത്തിലിരിക്കെ രാജ്യത്തെ ‘തകർത്തവരാണ്’ ഇപ്പോൾ പ്രഭാഷണം നടത്തുന്നതെന്നും ജയ്റ്റ്‌ലി വിമർശിച്ചു.