കുടുംബങ്ങൾക്കു കീഴിലുള്ള കമ്പനികളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമത്

ന്യൂഡൽഹി∙ കുടുംബങ്ങൾക്കു കീഴിലുള്ള വ്യവസായങ്ങൾ ഏറ്റവും അധികമുള്ള രാജ്യങ്ങളിൽ ഇന്ത്യയ്ക്കു മൂന്നാം സ്ഥാനം. അത്തരത്തിലുള്ള 108 സ്ഥാപനങ്ങളാണ് ഇന്ത്യയിലുള്ളത്. ചൈനയാണ് ഇക്കാര്യത്തിൽ മുന്നിൽ– 167 സ്ഥാപനങ്ങൾ. യുഎസിനാണു രണ്ടാം സ്ഥാനം– 121 കമ്പനികള്‍.

ക്രെഡിറ്റ് സ്യൂസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടി(സിഎസ്ആർഐ)ന്റെ ‘സിഎസ് ഫാമിലി 1000’ റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്.  ഫ്രാൻസിനാണു നാലാം സ്ഥാനം. ബാക്കി രാജ്യങ്ങള്‍ ക്രമപ്രകാരം ഇങ്ങനെ: ഹോങ്കോങ്, കൊറിയ, മലേഷ്യ, തായ്‌ലൻഡ്, ഇന്തൊനീഷ്യ, മെക്സിക്കോ. 

കുടുംബാധിപത്യത്തിലുള്ള കമ്പനികളുടെ ശരാശരി വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ഏഷ്യ പസഫിക്(ജപ്പാൻ ഒഴികെയുള്ള) മേഖലയിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനമാണ്– 650 കോടി ഡോളർ. രാജ്യാന്തരതലത്തിലാകട്ടെ ഇന്ത്യ 22–ാം സ്ഥാനത്തും.

ഇത്തരത്തിലുള്ള കമ്പനികളുടെ ശരാശരി വിപണി മൂലധനം ഏറ്റവും അധികമുള്ളത് സ്പെയിനിലും നെതർലൻഡ്സിലും(3000 കോടി ഡോളർ) ജപ്പാനിലും (2400 കോടി) സ്വിറ്റ്സർലൻഡിലും(2200 കോടി ഡോളർ) ആണ്. വിവിധ രാജ്യങ്ങളിലുള്ള ആയിരത്തിലേറെ കമ്പനികളാണ് റിപ്പോർട്ടിനു വേണ്ടി പരിശോധിച്ചത്.

ഇന്ത്യൻ കമ്പനികളിലേറെയും കുടുംബാധിപത്യത്തിന്റെ കാര്യത്തിൽ ഏറെ ‘മുതിർന്നവ’യാണ്. സർവേയില്‍ ഉൾപ്പെട്ട 60 ശതമാനം കമ്പനികളിലും കുടുംബത്തിലെ മൂന്നാം തലമുറയാണ് ഇപ്പോൾ ബിസിനസ് നോക്കുന്നത്. ചൈനയിലാകട്ടെ ഇതു 30 ശതമാനമാണ്.

കുടുംബങ്ങൾക്കു  കീഴിലുള്ള കമ്പനികളുടെ സാമ്പത്തികനേട്ടങ്ങൾ അങ്ങനെയല്ലാത്ത കമ്പനികളെക്കാൾ മികച്ചവയുമാണ്. ദീർഘകാല നേട്ടങ്ങളെയാണ് കുടുംബാധികാരത്തിലുള്ള കമ്പനികൾ ലക്ഷ്യമിടുന്നത്. ഓഹരിവിപണിയിലും മറ്റു കമ്പനികളേക്കാൾ ഇത്തരം കമ്പനികളാണ് വൻനേട്ടങ്ങൾ കൊയ്യുന്നത്.

സർവേയിൽ ഉൾപ്പെട്ട ഇന്ത്യൻ, ചൈനീസ് കമ്പനികളിൽ പകുതിയിലേറെയും 50 കോടി ഡോളറിലേറെ വരുമാനമുള്ളവയാണ്. ഇന്ത്യയില്‍ ഐടി, ഫിനാൻസ്, വ്യവസായം തുടങ്ങിയ മേഖലയിലാണ് പ്രധാനമായും ‘കുടുംബാധിപത്യ’ കമ്പനികൾ കൈവച്ചിട്ടുള്ളത്.