സ്ഥിര താമസക്കാർക്കു മാത്രം വാഹന റജിസ്ട്രേഷൻ; നിലപാട് കടുപ്പിച്ച് പുതുച്ചേരി

പുതുച്ചേരി ∙ നികുതിയിളവിന്റെ ആനുകൂല്യം മുതലെടുത്ത് അയൽസംസ്ഥാനക്കാർ വെട്ടിപ്പ് നടത്തുന്നത് വ്യാപകമായതോടെ വാഹന റജിസ്ട്രേഷൻ നടപടികൾ കർശനമാക്കി പുതുച്ചേരി സർക്കാർ. വ്യാജ വിലാസത്തില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിപ്പ് നടത്തുന്നത് തടയാൻ ലഫ്റ്റനന്റ് ഗവര്‍ണർ കിരണ്‍ ബേദി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യരുത്, പുതുച്ചേരിയിലെ അഞ്ച് ആര്‍ടി ഓഫിസുകൾക്കു കീഴില്‍ വരുന്ന സ്ഥിര താമസക്കാര്‍ക്കു മാത്രമേ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തു കൊടുക്കാവൂ തുടങ്ങിയ നിർദേശങ്ങളാണ് ഇതിൽ മുഖ്യം.

പുതുച്ചേരി അടക്കമുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ പ്രചാരണപരിപാടി നടത്താൻ കേരള ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇങ്ങനെയുള്ള വാഹനങ്ങളുടെ പട്ടിക തയാറാക്കുന്ന നടപടികൾ പൂർത്തിയായി. ചൊവ്വാഴ്ച മുതൽ ഉടമസ്ഥർക്കു നോട്ടിസ് നൽകും. തട്ടിപ്പു നടത്തുന്നവരിൽ കൂടുതലും പ്രശസ്തരാണെന്നാണു വകുപ്പിന്റെ കണ്ടെത്തൽ. എത്ര ഉന്നതരായാലും രക്ഷപ്പെടാൻ അനുവദിക്കരുതെന്ന നിർദേശമാണ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്നത്.

വാഹന വില അടിസ്ഥാനമാക്കിയാണു കേരളത്തിൽ നികുതി ഈടാക്കുന്നത്. അഞ്ചുലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് വിലയുടെ ആറു ശതമാനമാണ് നികുതി. അഞ്ചുലക്ഷം മുതൽ പത്തുലക്ഷം വരെ വിലയുള്ള വാഹനത്തിന് വിലയുടെ എട്ടുശതമാനവും പത്തുമുതൽ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 10 ശതമാനവും 15 മുതൽ 20 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 15 ശതമാനവുമാണ് നികുതി. 20 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങൾക്ക് 20 ശതമാനവും.