ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിക്കണം; തീരുമാനം അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി∙ ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിക്കുന്ന നടപടിക്കു സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി. പക്ഷേ നടപടി സംബന്ധിച്ച് കേന്ദ്രസർക്കാർ കൂടുതൽ വ്യക്തത വരുത്തണം. ജനങ്ങളെ പരിഭ്രാന്തരാക്കരുത്. ഉപഭോക്താക്കളെ കൃത്യമായ വിവരങ്ങൾ അറിയിക്കണം. മൊബൈൽ നമ്പറും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട തീയതി കൃത്യമായി അറിയിക്കണമെന്നും കോടതി കേന്ദ്രസർക്കാരിനോടു നിർദേശിച്ചു.

ആധാർ പദ്ധതി ഭരണഘടനാ വിരുദ്ധമെന്നാരോപിച്ചുള്ള ഹർജികൾ പരിഗണിക്കവേയാണു കോടതിയുടെ പരാമർശം. കല്യാണി സെൻ മേനോൻ, മാത്യു തോമസ് തുടങ്ങിയവരുടെ ഹർജികളാണ് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്‌. ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ കല്യാണി സെൻ മേനോൻ ചോദ്യം ചെയ്തിരുന്നു.

അതിനിടെ, ആധാറും മൊബൈൽ ഫോണ്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതു നിര്‍ബന്ധമാണെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നൽകി. 2018 ഫെബ്രുവരി ആറുവരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാര്‍ നിര്‍ബന്ധമാണ്. നിലവില്‍ അക്കൗണ്ടുള്ളവര്‍ മാര്‍ച്ച് 31നകം ആധാര്‍ ബന്ധിപ്പിക്കണം. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്തെവിടെയും പട്ടിണി മരണം ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ആധാറും ബന്ധിപ്പിക്കാൻ ഇനി ഒടിപിയും

സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയതിനൊപ്പം മൊബൈൽ നമ്പറും ആധാറും ബന്ധിപ്പിക്കാൻ ടെലികോം മന്ത്രാലയം പുതിയ മാർഗങ്ങൾ അവതരിപ്പിച്ചു. ഒടിപി (ഒറ്റത്തവണ പാസ്‍വേഡ്), ആപ്, ഐവിആർഎസ് വഴി മൊബൈൽ നമ്പർ ബന്ധിപ്പിക്കാം.

∙ സേവന ദാതാവ് നല്‍കുന്ന നമ്പരിലേയ്ക്ക് ആധാര്‍ നമ്പര്‍ എസ്എംഎസ് ചെയ്യുക.
∙ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയശേഷം മൊബൈല്‍ സേവന ദാതാവ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ) ഒടിപി അയയ്ക്കും.
∙ തുടര്‍ന്ന് യുഐഡിഎഐ മൊബൈല്‍ നമ്പരിലേക്ക് ഒടിപി അയയ്ക്കും.
∙ ആധാർ ലിങ്ക് ചെയ്യേണ്ട റജിസ്റ്റേഡ് മൊബൈല്‍ നമ്പരിലേയ്ക്ക് ഈ ഒടിപി അയയ്ക്കണം.
∙ ഇ–കെവൈസി ശരിയാണെന്ന് ഉറപ്പു വരുത്തുന്നതോടെ ആധാർ ബന്ധനം പൂർത്തിയാകും.