ഹിന്ദുമതം മാത്രമേ സിനിമയാക്കൂ: വിമർശനവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി∙ ഹിന്ദു മതത്തെക്കുറിച്ച്‌ മാത്രമേ സംവിധായകര്‍ക്ക് സിനിമ എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും മറ്റ് മതങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളെടുക്കാൻ ധൈര്യമില്ലെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതി എന്ന ചിത്രം പുറത്തിറങ്ങാനിരിക്കെയുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.

‘സഞ്ജയ് ലീല ബന്‍സാലിക്കോ മറ്റുള്ളവർക്കോ മറ്റ് മതങ്ങളെക്കുറിച്ച്‌ സിനിമ ചെയ്യാനോ അവയെക്കുറിച്ച്‌ അഭിപ്രായം പറയാനോ ധൈര്യമുണ്ടോ? ഹിന്ദു ദൈവങ്ങള്‍, പോരാളികള്‍ തുടങ്ങിയവരെക്കുറിച്ച്‌ മാത്രമാണ് സിനിമ ചെയ്യുന്നത്. ഇനി ഞങ്ങളിത് സഹിക്കില്ല’– ഗിരിരാജ് പറഞ്ഞു.

പത്മാവതിയുടെ റിലീസ് തടയുന്നതിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന. ദീപിക പദുകോൺ, രൺവീർ സിങ്, ഷാഹിദ് കപൂർ എന്നിവർ‌ മുഖ്യവേഷത്തിൽ എത്തുന്ന പത്മാവതിക്കെതിരെ നേരത്തേയും ബിജെപി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.