തുടരന്വേഷണം ആകാമെന്ന് നിയമോപദേശം; സോളർ കേസുമായി സർക്കാർ മുന്നോട്ട്

തിരുവനന്തപുരം ∙ സോളർ കമ്മിഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ തുടരന്വേഷണം ഉൾപ്പെടെയുള്ള നടപടികൾ പ്രഖ്യാപിച്ചതിലെ അനിശ്ചിതത്വം നീങ്ങുന്നു. യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ട സോളർ കേസ് റിപ്പോർട്ടിൽ തുടരന്വേഷണം ആകാമെന്ന് സർക്കാരിനു നിയമോപദേശം ലഭിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി അരിജിത്ത് പസായത്താണ് നിയമോപദേശം നല്‍കിയത്. റിപ്പോർട്ട് സഭയിൽ വയ്ക്കാൻ ഈ മാസം ഒൻപതിന് പ്രത്യേക നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് നിയമോപദേശം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. സോളര്‍ തട്ടിപ്പിന് സരിതയും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫിസിനെ ദുരുപയോഗം ചെയ്തെന്ന് ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നാല് ഭാഗങ്ങളുള്ള റിപ്പോർട്ടിലെ ഒരുഭാഗം മുഴുവൻ ഉമ്മൻചാണ്ടിയുടെ ഒാഫിസിനെക്കുറിച്ചുള്ള പരാമർശങ്ങളാണുള്ളത്. കേസുകള്‍ ഒത്തുതീര്‍ക്കാനും യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉപയോഗിച്ചു.

സോളര്‍ തട്ടിപ്പ് ഖജനാവിനു നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും കമ്മിഷൻ കണ്ടെത്തി. സോളർ കേസ് അന്വേഷിച്ച പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തെയും കമ്മിഷൻ വിമർശിച്ചു. അന്വേഷണം സരിതയിലും ബിജു രാധാകൃഷ്ണനിലും മുഖ്യമന്ത്രിയുടെ ഒാഫിസിലെ ചിലരിലും ഒതുക്കി. ഇവര്‍ തട്ടിച്ചെടുത്ത പണത്തെക്കുറിച്ചും പണം ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്തിയതുമില്ല. ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ടുകൾ മുന്‍സര്‍ക്കാര്‍ അവഗണിച്ചു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ നിലവിലെ നിയമം അപര്യാപ്തമാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. തട്ടിപ്പു നടത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നിയമം വേണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോർട്ടിലെ കണ്ടെത്തലുകൾ, ശുപാർശകൾ, അഡ്വക്കറ്റ് ജനറൽ, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ എന്നിവരുടെ ഉപദേശങ്ങൾ, ഡിജിപി: ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ട് എന്നിവയാണു ജസ്റ്റിസ് പസായത്തിനു കൈമാറിയത്. നേരത്തേ കമ്മിഷൻ റിപ്പോർട്ട് ചർച്ച ചെയ്ത മന്ത്രിസഭായോഗം നിയമോപദേശത്തിന്റെ പേരിൽ രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ മാനഭംഗ കേസ് എടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കമ്മിഷൻ റിപ്പോർട്ടിന്റെ പേരിൽ കേസ് എടുക്കണമെങ്കിൽ സർക്കാർ വാദിയാകണം. വാദിയാകാൻ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും വിസമ്മതം അറിയിച്ചതോടെയാണു വീണ്ടും നിയമോപദേശം തേടാൻ മന്ത്രിസഭ തീരുമാനിച്ചത്.

മാത്രമല്ല, ക്രിമിനൽ കേസ് അന്വേഷണത്തിനൊപ്പം വിജിലൻസ് അന്വേഷണം നടത്താൻ പ്രത്യേക സംഘത്തിന് അധികാരമുണ്ടോയെന്ന ചോദ്യവും ഉയർന്നു. അതോടെ അന്വേഷണസംഘം രൂപീകരിച്ചുള്ള ഉത്തരവു മരവിപ്പിച്ചു. എല്ലാ എംഎൽഎമാർക്കും റിപ്പോർട്ടിന്റെ മലയാളം പരിഭാഷ നൽകുന്നതിനായി സെക്രട്ടേറിയറ്റിൽ റിപ്പോർട്ടിന്റെ തർജമ തിരക്കിട്ടു നടക്കുകയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തരായ മൂന്നംഗ സംഘമാണു കമ്മിഷൻ റിപ്പോർട്ടിലെ തുടർ നടപടി എന്തുവേണമെന്നു തീരുമാനിക്കുന്നത്.