ഐഫലിനേക്കാൾ ഉയരം, ഭൂകമ്പത്തിൽ കുലുങ്ങില്ല; കശ്മീരിൽ അദ്ഭുത പാലം

ചെനാബ് നദിക്ക് കുറുകെ നിർമിക്കുന്ന റെയിൽപാലത്തിന്റെ രൂപരേഖ. ചിത്രം: ട്വിറ്റർ

കൗറി (ജമ്മു കശ്മീർ)∙ ചെനാബ് നദിക്ക് കുറുകെ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലത്തിന്‍റെ കമാനം ഉദ്ഘാടനം ചെയ്തു. റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിലാണ് പാലം നിർമിക്കുന്നത്. രണ്ട് കുന്നുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് നദീതടത്തിൽനിന്ന് 359 മീറ്ററാണ് ഉയരം. പാരിസിലെ ഐഫൽ ഗോപുരത്തേക്കാൾ 30 മീറ്റർ ഉയരം കൂടുതലാണ്.

കശ്മീർ റെയിൽവേ പദ്ധതിയുടെ ഭാഗമായ ഉദ്ദംപുര്‍- ശ്രീനഗര്‍- ബാരാമുള്ള പാതയിലെ കത്ര മുതൽ ബനിഹാൽ വരെയുള്ള 111 കിലോ മീറ്റർ‌ ദൂരത്തെ പ്രധാന ഭാഗമാണ് ഈ പാലം. 1.3 കി.മീ നീളമുള്ള പാലത്തിന് 1250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പകുതിയിലേറെ ജോലികൾ പൂർത്തിയായി. 1300 ജോലിക്കാരും 300 എൻജിനീയർമാരും വിവിധ ഷിഫ്റ്റുകളിലായി 24 മണിക്കൂറും ജോലി ചെയ്യുന്നു.

2004ൽ തുടങ്ങിയ പാലത്തിന്റെ പണി 2008ൽ നിർത്തിവച്ചിരുന്നു. ഈ ഭാഗത്തെ അതിശക്തമായ കാറ്റിൽ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചു സംശയം ഉയർന്നതോടെയാണു പണി നിർത്തിയത്. കാറ്റിന്റെ വേഗം മണിക്കൂറിൽ 90 കിലോമീറ്ററിനു മുകളിലെത്തുമ്പോൾ ട്രെയിൻ സർവീസ് നിർത്തി വയ്ക്കാമെന്ന നിബന്ധനയിൽ പണി പുനരാരംഭിച്ചു. 2019 മേയിൽ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വെ എൻജിനിയറിങ് ബോര്‍ഡ് അംഗം എം.കെ.ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.

ചെനാബിലെ ലോകാദ്ഭുതം

∙ റിക്ടര്‍ സ്കെയിലില്‍ എട്ട് തീവ്രത വരെയുള്ള ഭൂചലനങ്ങളെ അതിജീവിക്കും

∙ റെയില്‍വേയുടെ ചരിത്രത്തില്‍ 2.74 ഡിഗ്രി വളച്ച്‌ പാലത്തിനായി കമാനം നിര്‍മിക്കുന്നത് ആദ്യം

∙ 915 മീറ്ററുള്ള ഗോപുര മാതൃകയിലുള്ള ഇരുമ്പുചട്ടം ലോകത്തിലെ ഏറ്റവും നീളം കൂടിയത്

∙ മണിക്കൂറിൽ 260 കി.മീ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാൻ ശേഷി

∙ പാലത്തിന് റെയിൽവേ കണക്കാക്കുന്ന ആയുസ്സ് 120 വർഷം.

∙ മുഖ്യകമാനത്തിന്റെ നീളം 485 മീറ്റർ

∙ പാലത്തിന് ഉപയോഗിക്കുന്ന ഉരുക്കുതൂണുകൾ 17

∙ ഏറ്റവും നീളം കൂടിയ തൂണിന്റെ ഉയരം 133.7 മീറ്റർ

∙ പാലത്തിനായി ഉപയോഗിക്കുന്ന ഉരുക്കിന്റെ അളവ് 25,000 മെട്രിക് ടൺ

∙ പാലത്തിൽ ട്രെയിനിന് അനുവദിക്കുന്ന പരമാവധി വേഗത മണിക്കൂറിൽ 100 കി.മീ