പുൽവാമ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസ്ഹറിന്റെ അനന്തരവനും

ശ്രീനഗർ∙ തിങ്കളാഴ്ച പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം വധിച്ച മൂന്നു ഭീകരരിൽ ഒരാൾ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ അനന്തരവനാണെന്നു റിപ്പോർട്ട്. കൊല്ലപ്പെട്ട തല്‍ഹ റാഷിദ് അസ്ഹറിന്റെ അനന്തരവനാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. കൊല്ലപ്പെട്ട ഭീകരർ ആരാണെന്നു ജമ്മു കശ്മീർ പൊലീസും ഇന്ത്യൻ സൈന്യവും പുറത്തുവിട്ടിട്ടില്ല.

അതേസമയം, തൽഹ റാഷിദ്, മഹ്മൂദ് ഭായ്, വാസിം അഹ്മ്മദ് എന്നിവരാണു കൊല്ലപ്പെട്ടതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിലൊരു മാധ്യമം ജയ്ഷെ മുഹമ്മദിന്റെ പത്രക്കുറിപ്പിനെ ഉദ്ധരിച്ചാണു തൽഹ റാഷിദ് അസ്ഹറിന്റെ അനന്തരവനാണെന്നു റിപ്പോർട്ട് ചെയ്തത്.

മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നു കൻഡി ബെൽറ്റിൽ സുരക്ഷാസേന തിരച്ചിൽ നടത്തുകയായിരുന്നു. ഭീകരർ വെടിയുതിർത്തതോടെ സൈന്യവും തിരിച്ചടിച്ചു. രാഷ്ട്രീയ റൈഫിൾസ്, സംസ്ഥാന പൊലീസ്, സിആർപിഎഫ് എന്നീ സേനാവിഭാഗങ്ങൾ സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ സംഘം അഗ്‌ലാർ ഗ്രാമം വളഞ്ഞു തിരച്ചിൽ തുടങ്ങിയിരുന്നു. ഏറ്റുമുട്ടൽ രാത്രി വൈകിയും തുടർന്നു. പുലർച്ചെയോടെ ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും തിരച്ചിൽ തുടരുകയാണ്.

44 രാഷ്ട്രീയ റൈഫിൾസിലെ ജവാൻ ഷാം സുന്ദർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. പ്രദേശവാസിയായ താരിഖ് അഹമ്മദിനും പരുക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടൽ സ്ഥലത്തിനു സമീപം ജനക്കൂട്ടം സൈന്യത്തിനെതിരെ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ഈ പ്രതിഷേധത്തിനിടെയാണു താരിഖ് അഹമ്മദിനു പരുക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്കു മാറ്റി. പുൽവാമയിലെ ഇന്റർനെറ്റ് സംവിധാനം താൽക്കാലികമായി റദ്ദാക്കി.