ബഗ്ദാദി രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്നു റിപ്പോർട്ട്; പിടിയിലായെന്നും അഭ്യൂഹം

ബെയ്റുട്ട്∙ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ(ഐഎസ്) അവസാനത്തെ പ്രധാന താവളവും സിറിയൻ സൈന്യം പിടിച്ചെടുത്തതോടെ ഭീകര സംഘടനയുടെ തലവൻ അബുബക്കർ അൽ ബഗ്ദാദി എവിടെയാണെന്ന ചോദ്യം ശക്തമാകുന്നു. കൊല്ലപ്പെട്ടെന്നു റഷ്യ പറയുമ്പോൾ ഇല്ലെന്നാണു യുഎസ് വാദം. ഇതിനിടെ പുതിയ വിവരങ്ങളുമായി ഹിസ്ബുല്ലയുടെ മാധ്യമ വിഭാഗം രംഗത്തെത്തി.

ഐഎസിന്റെ പിടിയിൽ നിന്ന് അൽബു കമാൽ നഗരം പിടിച്ചെടുക്കുന്ന സമയത്ത് അൽ ബഗ്ദാദി അവിടെയുണ്ടായിരുന്നെന്ന റിപ്പോർട്ടാണ് ഹിസ്ബുല്ല പുറത്തുവിട്ടത്. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതൽ വിവരം ലഭ്യമാക്കിയിട്ടില്ല. 

ഭീകരവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മാസങ്ങൾക്കു മുൻപു തങ്ങൾ ബഗ്‌ദാദിയെ വധിച്ചെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്റലിജന്റ്സ് വിഭാഗത്തിനു ലഭിച്ച വിവരമനുസരിച്ച് അൽ ബഗ്ദാദി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണു യുഎസ് വിശദീകരണം. അതിനിടെയാണ് ഹിസ്ബുല്ലയുടെ അവകാശവാദം.

അൽ ബഗ്ദാദിയുടേതെന്നു കരുതുന്ന സംഭാഷണമടങ്ങിയ ടേപ്പ് സെപ്റ്റംബറിൽ ഐഎസ് പുറത്തുവിട്ടിരുന്നു. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സുമായി ചേർന്നു പോരാടുന്ന യുഎസും അൽ ബഗ്ദാദിയെ സംബന്ധിച്ചു  നിലവിൽ ‘പുറത്തുവിടാവുന്ന വിവരങ്ങൾ’ ഒന്നും ലഭിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നു.

അൽബു കമാലും പിടിച്ചെടുത്തതോടെ ഇസ്‌ലാമിക് സ്റ്റേറ്റിന്മേൽ സിറിയൻ സൈന്യം ആത്യന്തികമായ വിജയമാണ് അവകാശപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി മേഖലയിൽ തുടരുന്ന ഐഎസിനെ ശക്തമായ സൈനിക നീക്കത്തിലൂടെയാണ് തകർത്തത്. അൽബു കമാലിൽ നിന്ന് ഇറാഖ് അതിർത്തിയോടു ചേർന്നുള്ള മരുഭൂമിയിലേക്കു രക്ഷപ്പെട്ട ഐഎസ് ഭീകരരെ സൈന്യം പിന്തുടർന്നിട്ടുണ്ട്.

അതേസമയം അൽബു കമാലിന്റെ പാതി പ്രദേശവും സൈന്യത്തിൽ നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തതായി മനുഷ്യാവകാശ നിരീക്ഷണ സംഘടന പറയുന്നു. സൈന്യം ഇതു നിഷേധിച്ചു. സിറിയയിൽ ഐഎസിന്റെ അന്ത്യം കുറിച്ച വിവരം സൈന്യം ഔദ്യോഗികമായിത്തന്നെയാണു പ്രഖ്യാപിച്ചത്.