പ്രീതിക്കു പകരക്കാരിയായി ബ്രിട്ടിഷ് സർക്കാരിലേക്ക് പെന്നി മോർഡന്റ്

ലണ്ടൻ∙ ബ്രിട്ടിഷ് സർക്കാരിലെ ഇന്ത്യൻ മുഖം പ്രീതി പട്ടേലിനു പകരക്കാരിയായി തെരേസ മേ കണ്ടെത്തിയത് പെന്നി മോർഡന്റ് എന്ന യുവ വനിതാനേതാവിനെ. പെന്നിയെ പുതിയ ഇന്റർനാഷനൽ ഡവലപ്മെന്റ് സെക്രട്ടറിയായി നിയമിച്ചു. വനിതാ കാബിനറ്റിലെ യുവ-വനിതാ പ്രാതിനിധ്യവും ബ്രക്സിറ്റ് സംതുലനവും നിലനിർത്തിയാണു കഴിഞ്ഞയാഴ്ചയുണ്ടായ രണ്ട് മന്ത്രിമാരുടെ രാജിയിലും പ്രധാനമന്ത്രി പകരക്കാരെ കണ്ടെത്തിയത്. ഇതിന് 24 മണിക്കൂർപോലും വേണ്ടിവന്നതുമില്ല.

നിലവിൽ വർക് ആൻഡ് പെൻഷൻ മന്ത്രാലയത്തിൽ സഹമന്ത്രിയായിരുന്ന പെന്നി മോർഡന്റ് നേരത്തെ കാമറൺ മന്ത്രിസഭയിൽ പ്രതിരോധ മന്ത്രാലയത്തിലും സഹമന്ത്രിയായിരുന്നു. ബ്രക്സിറ്റിന്റെ കാര്യത്തിൽ പ്രീതിയെപോലെ ലീവ് പക്ഷക്കാരിയാണ് പെന്നിയും. ലൈംഗികാപവാദത്തിൽ കുരുങ്ങി കഴിഞ്ഞയാഴ്ച രാജിവച്ച പ്രതിരോധമന്ത്രി സർ മൈക്കിൾ ഫാലനു പകരമായി പെന്നിയെ പരിഗണിച്ചിരുന്നു. ഒടുവിൽ തന്റെ വിശ്വസ്തനായ ഗാവിൻ വില്യംസണെയാണ് മേ വകുപ്പ് ഏൽപിച്ചത്. 

നോർത്ത് പോർട്സ്മൗത്തിൽനിന്നുള്ള പാർലമെന്റംഗമാണ് നാൽപത്തിനാലുകാരിയായ പെന്നി മോർഡന്റ്. 2010 മുതൽ തുടർച്ചയായി മൂന്നു തിരഞ്ഞെടുപ്പുകളിൽ ജയിച്ചു. സ്പ്ലാഷ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ഏറെ പ്രശസ്തയായി. ബ്രിട്ടിഷ് സർക്കാരിന്റെ വിദേശസഹായ പദ്ധതികളുടെ നടത്തിപ്പിനായുള്ളതാണ് ഇന്റർനാഷണൽ ഡവലപ്മെന്റ് മന്ത്രാലയം. 13 ബില്യൻ പൗണ്ട് ബജറ്റ് വിഹിതമുള്ള ഈ മന്ത്രാലയത്തിന്റെ ചുമതലയിലാണ് പ്രീതിയുടെ പിൻഗാമി എത്തുന്നത്. 

സ്വകാര്യ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ഇസ്രയേൽ ഉദ്യോഗസ്ഥരുമായും രാഷ്ട്രീയക്കാരുമായും നയതന്ത്ര-ബിസിനസ് ചർച്ചകൾ നടത്തിയതിനാണു പ്രീതി പട്ടേലിനു മന്ത്രിസ്ഥാനം നഷ്ടമായത്. ചട്ടവിരുദ്ധമായി പ്രവർത്തിച്ച മന്ത്രിയെ ആഫ്രിക്കൻ പര്യടനത്തിനിടയിൽനിന്നു വിളിച്ചുവരുത്തി പ്രധാനമന്ത്രി രാജിവയ്പിക്കുകയായിരുന്നു.