കുട്ടിയെ കാണാതായി 5 വർഷം; കണ്ടെത്തിയില്ലെങ്കിൽ ശിക്ഷയെന്ന് പൊലീസിനോട് കോടതി

Representative Image

മുംബൈ∙ പൊലീസ് തങ്ങളുടെ ജോലി കൃത്യമായി ചെയ്തില്ലെങ്കിൽ കോടതിയുടെ ഭാഗത്തു നിന്ന് ശിക്ഷാനടപടികളുണ്ടാകുമെന്ന്  ബോംബെ ഹൈക്കോടതി. എട്ടു വയസ്സുകാരിയെ അഞ്ചു വർഷം മുൻപ് കാണാതായ സംഭവത്തിൽ ഈ മാസത്തിനകം തീരുമാനമായില്ലെങ്കിൽ പൊലീസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ മുന്നറിയിപ്പ്.

മുംബൈയിൽ നിന്നു പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്തിമറിപ്പോർട്ട് സമർപ്പിച്ചപ്പോഴാണു കോടതി രൂക്ഷഭാഷയിൽ വിമർശിച്ചത്. ഈ മാസം 30നകം പെൺകുട്ടിയെ കണ്ടെത്താൻ നടപടിയുണ്ടാകണമെന്നും ജസ്റ്റിസുമാരായ എസ്.സി.ധർമദിക്കാരി, ഭാരതി ദാംഗ്‌രെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പെൺകുട്ടിയെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തിയെന്ന പൊലീസ് റിപ്പോർട്ട് തള്ളിയാണ് കോടതിയുടെ നിർദേശം. പെൺകുട്ടിയെ കണ്ടെത്തുകയെന്നത് ഇനി ‘അസംഭവ്യം’ ആണെന്നും അന്വേഷിക്കാവുന്നയിടങ്ങളിലെല്ലാം തിരഞ്ഞതായും, സാധ്യമായതെല്ലാം ചെയ്തെന്നും എന്നാൽ എല്ലാ വഴികളും അടഞ്ഞെന്നും കാണിച്ചായിരുന്നു റിപ്പോർട്ട്. 

അതേസമയം, നിർമാണ മേഖലയിലും വീട്ടുജോലിക്കാർക്കിടയിലും മത്സ്യബന്ധനമേഖലയിലും അനധികൃത വാറ്റുകേന്ദ്രങ്ങളിലും വാഹന ഗരാജുകളിലും പൊലീസ് അന്വേഷിച്ചതായി റിപ്പോർട്ടിൽ ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകപ്പെടുന്ന കുട്ടികളിൽ ഭൂരിപക്ഷവും ഇത്തരം മേഖലകളിലേക്കാണ് എത്തപ്പെടുന്നത്.

സാധ്യമായ എല്ലാം ചെയ്തുവെന്നു പറയുന്നതു വെറുതെയാണ്. കാറുകൾ കഴുകാനും വീടുകളിൽ പാത്രം കഴുകാനും സഹായിയായുമെല്ലാം കുട്ടികളെയാണു പലയിടത്തും നിർത്തുന്നത്. ഇക്കാര്യം എല്ലാവർക്കും അറിയാം. എന്നിട്ടും പൊലീസെന്താണു കണ്ണടയ്ക്കുന്നത്. പൊലീസ് സ്റ്റേഷനിൽ വന്ന മിക്ക പരാതികളിലും ഉൾപ്പെട്ട കുട്ടികൾ ഒരുപക്ഷേ ഈ ബാലവേല ചെയ്യുന്നവർ ആയിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.

കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ ഇക്കഴിഞ്ഞ ജൂൺ മുതൽ 89% വർധനവുണ്ടായിട്ടുണ്ടെന്ന പൊലീസ് വാദവും കോടതി അംഗീകരിച്ചില്ല. അഞ്ചു വർഷമായി കാണാതായ കുട്ടിയെ കണ്ടുപിടിച്ചു കൊടുക്കാതെ കണക്കുകൾ പറഞ്ഞു ന്യായീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതി വാദം. ഇതുവരെ പൊലീസിനോടു നല്ല സമീപനമാണു കോടതി സ്വീകരിച്ചത്. എന്നാൽ നവംബർ 30 കഴിഞ്ഞിട്ടും കേസിൽ പുരോഗതിയുണ്ടായില്ലെങ്കിൽ കർശന നടപടികൾക്കു നിർബന്ധിതരാകും.

കേസിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച പൊലീസ് ഉദ്യോസ്ഥരെ പുറത്താക്കുകയോ സ്ഥലം മാറ്റുകയോ വേണമെന്ന ശുപാർശ ആഭ്യന്തരമന്ത്രാലയത്തിനും ഡിജിപിക്കും നൽകും. അതുമല്ലെങ്കിൽ കോടതി തന്നെ ഇടപെട്ട് ശിക്ഷാനടപടികൾ പ്രഖ്യാപിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

2012ലാണ് എട്ടു വയസ്സുകാരിയെ മുംബൈയിൽ കാണാതാകുന്നത്. ആദ്യഘട്ടത്തിൽ അയൽവാസികളെയായിരുന്നു സംശയം. വഴക്കിനെത്തുടർന്ന് പ്രതികാരം ചെയ്യാൻ കുട്ടിയെ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. എന്നാൽ പിന്നീട് കേസിൽ യാതൊരു പുരോഗതിയുമില്ലാതായി. തുടർന്നു കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.