യുവതി കുഞ്ഞിനെ മുലയൂട്ടവെ വാഹനം കെട്ടിവലിച്ച സംഭവം ദൗർഭാഗ്യകരം: ഫഡ്നാവിസ്

യുവതിയും കുഞ്ഞും കാറിനുള്ളിൽ. (വിഡിയോ ദൃശ്യം)

മുംബൈ ∙ ഏഴുമാസം പ്രായമുള്ള കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ, ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ചു വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാൻ മുംബൈ പൊലീസ് നടത്തിയ ശ്രമത്തെ വിമർശിച്ചു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സംഭവം തീർത്തും ദൗർഭാഗ്യകരമായിപ്പോയെന്നു ഫഡ്നാവിസ് വ്യക്തമാക്കി. തീർത്തും അപക്വവും അപകടകരവുമായ നടപടിയാണു പൊലീസിന്റേത്. കുറ്റക്കാരനായ പൊലീസുകാരനെ സസ്പെൻഡ് ചെയ്തുകഴിഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രാഫിക് പൊലീസുകാരെ ബോധവൽക്കരിക്കാൻ പ്രത്യേക നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച യുവതി കാറിനുള്ളിൽ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരിക്കെയാണു ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ചു മുംബൈ പൊലീസ് വാഹനം കെട്ടിവലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിന്റെ വിഡിയോ വഴിയാത്രക്കാരിലൊരാൾ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ നടപടി വിവാദമായി.

മുംബൈയിലെ പശ്ചിമ മലാഡിലാണ് മനുഷ്യസ്നേഹികളെ നടുക്കിയ സംഭവമുണ്ടായത്. വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാൻ പൊലീസ് ശ്രമിക്കുമ്പോൾ, കുഞ്ഞിനു സുഖമില്ലെന്നു യുവതി വിളിച്ചുപറയുന്നത് വിഡിയോയിൽ വ്യക്തമാണ്. എന്നാൽ, ഇതു ഗൗനിക്കാതെ പൊലീസുകാരന്റെ നേതൃത്വത്തിൽ വാഹനം നീക്കാൻ ശ്രമിക്കുന്നതാണു വിഡിയോ ദൃശ്യങ്ങളിലുള്ളത്.

വിഡിയോ പകർത്തുന്ന വഴിയാത്രക്കാരൻ ഉൾപ്പെടെയുള്ളവരും വാഹനം കെട്ടിവലിക്കുന്നതു നിർത്താൻ പൊലീസിനോട് ആവശ്യപ്പെടുന്നതു വിഡിയോയിലുണ്ട്. എന്നാൽ, ഇവർക്കും ചെവികൊടുക്കാൻ പൊലീസ് തയാറാകുന്നില്ല. കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിവരുന്ന വഴിയാണെന്നും സ്ത്രീ പറയുന്നുണ്ട്. നിയമം തെറ്റിച്ചു മറ്റു വാഹനങ്ങളും അവിടെ പാർക്കു ചെയ്തിരുന്നെങ്കിലും തന്നോടും കുഞ്ഞിനോടും പൊലീസ് നിർദ്ദയമായി പെരുമാറുന്നുവെന്നും യുവതി ആരോപിക്കുന്നു. ഒടുവിൽ കൂടുതൽ വഴിയാത്രക്കാർ സംഭവത്തിൽ ഇടപെട്ടതോടെ പൊലീസ് ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.

വിഡിയോ ശ്രദ്ധയിൽപ്പെട്ട മുംബൈ ജോയിന്റ് കമ്മിഷണർ അമിതേഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡപ്യൂട്ടി കമ്മിഷണറാകും ഇതേക്കുറിച്ച് അന്വേഷിക്കുക. റിപ്പോർട്ട് കിട്ടിയശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അമിതേഷ് കുമാർ വ്യക്തമാക്കി. യൂണിഫോമിൽ നെയിം പ്ലേറ്റു പോലുമില്ലാതെയാണു പൊലീസുകാരൻ നടപടിക്കു നേതൃത്വം നൽകിയത്. ശശാങ്ക് റാണെ എന്നാണ് ഇയാളുടെ പേരെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.