Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടികൾ മുടക്കിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് തുളച്ച് എകെ47: വാങ്ങിയത് ഭീകര വിരുദ്ധ സേനയ്ക്ക്

Mumbai-Terror-Attack മുംബൈ പൊലീസിന്റെ ഭീകര വിരുദ്ധ വിഭാഗമായ ഫോഴ്സ് വൺ പരിശീലനത്തിനിടെ (ഫയൽ ചിത്രം)

മുംബൈ∙ എകെ 47 തോക്കുമായാണ് 2008 നവംബറിൽ പാക്കിസ്ഥാൻ ഭീകരൻ അജ്മൽ കസബും സംഘവും മുംബൈയിലേക്കെത്തിയത്. അന്നത്തെ ആക്രമണത്തിൽ വീരമൃത്യു വരിച്ചവരിൽ ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ദ് കര്‍ക്കറെയുമുണ്ടായിരുന്നു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിട്ടും കർക്കറെ കൊല്ലപ്പെട്ടത് വൻവിവാദമാണുണ്ടാക്കിയത്.

തുടർന്ന് പൊലീസ് സേനയ്ക്കും ഭീകരാക്രമണങ്ങളെ നേരിടാനായി പ്രത്യേകം രൂപീകരിച്ച കമാൻഡോ സേനയ്ക്കും ഉൾപ്പെടെ ഗുണമേന്മയുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്കായി ആഭ്യന്തര വകുപ്പ് ശ്രമം തുടങ്ങി. എന്നാൽ വിവാദത്തിന്റെ നിഴലില്‍ പല കമ്പനികളും കരാർ ഏറ്റെടുക്കാൻ തയാറായില്ല. ഒടുവിൽ എത്തിയ കാൺപുർ ആസ്ഥാനമായുള്ള കമ്പനിയാകട്ടെ പൊലീസ് സേനയുടെ ജീവനു വരെ വെല്ലുവിളിയാകുന്ന തരത്തിലാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിർമിച്ചു നൽകിയത്.

ആക്രമണം നടന്ന് 10 വർഷമാകുമ്പോഴും എകെ 47ൽ നിന്നുള്ള വെടിയുണ്ടകളെ നേരിടാൻ മുംബൈ പൊലീസ് പ്രാപ്തരായിട്ടില്ലെന്നാണ് റിപ്പോർട്ട്. കാൺപുരിലെ കമ്പനി നിർമിച്ചു നൽകിയ 1430 ജാക്കറ്റുകളെ തുളച്ചു കൊണ്ടാണ് എകെ47 വെടിയുണ്ടകൾ കടന്നു പോയത്. ഫൊറൻസിക് പരിശോധന വിജയകരമായി പൂർത്തിയാക്കാത്ത ജാക്കറ്റുകളെല്ലാം പൊലീസ് തിരിച്ചയച്ചു. പുതിയ ജാക്കറ്റുകൾ നിർമിച്ചു നൽകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവയും പരിശോധിച്ചതിനു ശേഷം മാത്രമേ കരാർ തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും എഡിജിപി വി.വി.ലക്ഷ്മിനാരായണ പറഞ്ഞു.

കേന്ദ്ര സേനയ്ക്കും ജാക്കറ്റുകൾ നിർമിച്ചു നൽകുന്ന കമ്പനിയുടെ ഉൽപന്നങ്ങളിലാണ് പരിശോധനയിൽ സുരക്ഷാവീഴ്ചയുണ്ടെന്നു തെളിഞ്ഞത്. 5000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്കാണ് പൊലീസ് ഓർഡർ നൽകിയത്. ചെലവിട്ടതാകട്ടെ 17 കോടി രൂപയും. ഇതിൽ 4600 എണ്ണം നിർമിച്ചുകിട്ടി. അതിൽത്തന്നെയുള്ള 1430 ജാക്കറ്റുകളിലാണ് സുരക്ഷാവീഴ്ച. മൂന്നു വ്യത്യസ്ത ബാച്ചുകളില്‍ നിന്നുള്ള ജാക്കറ്റുകളായിരുന്നു ഇവ.

ഛണ്ഡിഗഢ് ആസ്ഥാനമായുള്ള കേന്ദ്ര ഫൊറൻസിക് സയൻസ് ലബോറട്ടറിയിലായിരുന്നു സുരക്ഷാ പരിശോധന. മഹാരാഷ്ട്രയിൽ മാവോയിസ്റ്റുകളെ നേരിടാനുള്ള പൊലീസ് സേനയ്ക്കും മുംബൈ പൊലീസിലെ ദ്രുത കർമ സേനയ്ക്കും ഭീകരാക്രമണം നേരിടാനായി രൂപീകരിച്ച സ്പെഷൽ കമാൻഡോ വിഭാഗമായ ഫോഴ്സ് വണ്ണിനും വേണ്ടിയാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങിയത്.

related stories