Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വിട്ടുപൊയ്ക്കോളാൻ’ ട്രംപിനോട് ടിപിപി രാജ്യങ്ങൾ; പുതിയ കരാർ വരും

Donald-Trump-Apec അപെക് ഉച്ചകോടിക്കിടെ ഡോണൾഡ് ട്രംപ് (ഫയൽ ചിത്രം)

ഡാനാങ് (വിയറ്റ്നാം)∙ യുഎസ് ഇല്ലാതെ ട്രാൻസ് പസിഫിക് വ്യാപാര പങ്കാളിത്ത കരാറുമായി (ടിപിപി) മുന്നോട്ടു പോകാൻ അംഗരാജ്യങ്ങളുടെ തീരുമാനം. യുഎസിനു ഗുണകരമല്ല എന്നാരോപിച്ച് നേരത്തേ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരാറിൽ നിന്നു പിന്മാറിയിരുന്നു. ട്രംപ് പിന്തുടരുന്ന ‘അമേരിക്ക ഫസ്റ്റ്’ നയത്തിനുള്ള തിരിച്ചടി കൂടിയായി കരാറുമായി മുന്നോട്ടു പോകാനുള്ള മറ്റു രാജ്യങ്ങളുടെ തീരുമാനം.

അതേസമയം, ഇതിൽ പ്രതിഷേധം അറിയിച്ചു കാനഡ രംഗത്തു വന്നിട്ടുണ്ട്. യുഎസ് ഇല്ലാതെ കരാറിന്റെ ഭാവി എന്തായിരിക്കുമെന്ന ആശങ്കയാണ് കാനഡ പങ്കുവച്ചത്. പുതിയ കരാറിനായുള്ള ചർച്ചയിലും കാനഡ പങ്കെടുത്തില്ല. എന്നാൽ രാജ്യാന്തര വ്യാപാര കരാറുകൾക്ക് ഊർജം പകരുന്നതായിരിക്കും ടിടിപി രാജ്യങ്ങളുടെ തീരുമാനമെന്നാണു വിലയിരുത്തൽ. ഉഭയകക്ഷി കരാറുകൾക്ക് പ്രാമുഖ്യം നല്‍കി മുന്നോട്ടു പോകാനുള്ള ട്രംപിന്റെ തീരുമാനത്തെ തള്ളിയാണ് ടിടിപി രാജ്യങ്ങൾ മുന്നോട്ടു പോകുന്നത്.

അതേസമയം ടിടിപി അംഗരാജ്യങ്ങളിൽ ഓരോന്നിനോടും പ്രത്യേകമായി ഉഭയകക്ഷി കരാറിനു താത്പര്യമുണ്ടെന്ന് ട്രംപ് ഏഷ്യ പസിഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിക്കിടെ വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ തൊഴിൽ സംരക്ഷണത്തിന്റെ പേരു പറഞ്ഞാണ് ട്രംപ് കരാറിൽനിന്നു പിന്മാറിയത്. എന്നാൽ കരാറിന്റെ ‘കടുപ്പമേറിയ’ സമയം പിന്നിട്ടെന്നാണ് ടിടിപി രാജ്യങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. മാത്രവുമല്ല, കരാറുമായി മുന്നോട്ടു പോകാനുള്ള തീരുമാനം യുഎസിനെ തിരികെ കൊണ്ടു വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ജപ്പാനും വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ് പോകുന്നതോടെ കരാറിലെ നിർണായക സാമ്പത്തിക ശക്തിയായി ജപ്പാൻ മാറും. രണ്ടാം സ്ഥാനത്തു കാനഡയാണ്. രാജ്യത്തെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്ന കരാർ വേണമെന്നതാണ് കാനഡയുടെയും ആവശ്യം. കരാറിലാകട്ടെ തൊഴിൽ അന്തരീക്ഷവും തൊഴിലാളികളുടെ അവകാശങ്ങളും ബൗദ്ധിക സ്വത്താവകാശവുമെല്ലാം സംരക്ഷിക്കാൻ വ്യവസ്ഥയുമുണ്ട്. ചർച്ചയുടെ സമയം സംബന്ധിച്ച ആശയക്കുഴപ്പം കൊണ്ടാണ് എത്താൻ സാധിക്കാതിരുന്നതെന്നും കനേഡിയൻ വ്യാപരമന്ത്രി വ്യക്തമാക്കി.

അതേസമയം, യുഎസിനെ ഒഴിവാക്കിയുള്ള പുതിയ കരാറിന് അന്തിമരൂപമായിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു. ഇനി കരാർ കോംപ്രഹെൻസിവ് ആൻഡ് പ്രോഗ്രസിവ് എഗ്രിമെന്റ് ഫോർ ട്രാൻസ്–പസിഫിക് പാർട്ണർഷിപ് (സിപിടിപിപി) എന്നായിരിക്കും അറിയപ്പെടുക. പുതിയ കരാർ പ്രകാരം നേരത്തേയുണ്ടായിരുന്ന 20 വ്യവസ്ഥകൾ ഒഴിവാക്കപ്പെടും. 11 രാജ്യങ്ങളും ചർച്ച ചെയ്തു തീരുമാനിച്ച ശേഷം മാത്രമേ പുതിയ കരാറിന് അന്തിമരൂപമാവുകയുള്ളൂവെന്നും ജപ്പാൻ അറിയിച്ചു.

എന്താണ് ടിപിപി കരാർ?

ആഗോള വ്യാപാര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിതുറക്കുന്ന ടിപിപി കരാറിൽ 2016 ഫെബ്രുവരിയിലാണ് 12 രാജ്യങ്ങൾ ഒപ്പുവച്ചത്. യുഎസിന്റെ നേതൃത്വത്തിൽ ബ്രൂണയ്, ചിലെ, ന്യൂസീലൻഡ്, സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ജപ്പാൻ, മലേഷ്യ, മെക്സിക്കോ, പെറു, വിയറ്റ്നാം എന്നീ രാജ്യങ്ങളായിരുന്നു പട്ടികയിൽ. വ്യാപാര, നിക്ഷേപ മേഖലകളിൽ അതുവരെയുണ്ടായിരുന്ന പല തടസങ്ങളും നീക്കാൻ സഹായിക്കുന്നതായിരുന്നു പുതിയ കരാർ.

ആഗോള സാമ്പത്തിക രംഗത്ത് 40% പങ്കാളിത്തം ഈ 12 രാജ്യങ്ങൾക്കാണ്. വിവിധ രാജ്യങ്ങൾ യുഎസ് ഉൽപന്നങ്ങൾക്കു മേൽ ചുമത്തുന്ന 18,000 വ്യത്യസ്ത നികുതികളും കരാർ വഴി ഇല്ലാതായി. കരാറിലൂടെ ഏറെ നേട്ടം കൊയ്തതും യുഎസ് ആയിരുന്നു.

ടിപിപി രാജ്യങ്ങളിലെ ഏതാണ്ട് 80 കോടി ജനങ്ങൾക്ക് പുതിയ വ്യാവസായിക– കാർഷിക ഉൽപന്നങ്ങളും സേവനങ്ങളും മികച്ച രീതിയിൽ ലഭിക്കാൻ വഴിയൊരുക്കുന്നതായിരുന്നു കരാർ. ചൈനയുടെ വളർച്ചയെ പ്രതിരോധിക്കാനായി ജപ്പാനും ഈ കരാറിനു വേണ്ടി ഏറെ ശ്രമിച്ചിരുന്നു. കഴിഞ്ഞ വർഷം മാത്രം ടിപിപി രാജ്യങ്ങൾ തമ്മിൽ 35,600 കോടി ഡോളറിന്റെ വ്യാപാരമാണു നടന്നത്.