രോഹിൻഗ്യ വിഷയത്തിൽ തൊടാതെ ആസിയാൻ; ചില ‘പ്രശ്നങ്ങൾ’ ഉണ്ടെന്നു മാത്രം റിപ്പോർട്ട്

മനില∙ മ്യാൻമറിൽനിന്നുള്ള രോഹിൻഗ്യ മുസ്‌ലിംകളുടെ കൂട്ടപ്പലായനത്തിൽ ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ രൂക്ഷമായി പ്രതികരിച്ചിട്ടും കാര്യമായ ശ്രദ്ധ കൊടുക്കാതെ ആസിയാന്‍ ഉച്ചകോടി. തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്റെ അൻപതാം ഉച്ചകോടിയുടെ കരട് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച എങ്ങും തൊടാതെയുള്ള പരാമർശമുള്ളത്.

ആസിയാനിൽ മ്യാൻമറും അംഗമാണ്. വിയറ്റ്‌നാമിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽപ്പെട്ടവർക്കും ഇസ്‌ലാമിക് സ്റ്റേറ്റുമായി ഫിലിപ്പീൻസിലുണ്ടായ പോരാട്ടത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്കും സഹായം എത്തിക്കണമെന്നു കരടു റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. ഇതോടൊപ്പമാണു റാഖൈൻ സംസ്ഥാനത്തു ചില ‘പ്രശ്നങ്ങൾ ബാധിക്കപ്പെട്ട’ വിഭാഗക്കാർക്കും സഹായമെത്തിക്കണമെന്നു പറയുന്നത്.

ഇതുമാത്രമേ രോഹിൻഗ്യൻ പലായനം സംബന്ധിച്ച പരാമർശമുള്ളൂ. മേഖലയിലെ സംഘർഷത്തെപ്പറ്റിയോ രോഹിൻഗ്യ എന്ന വാക്കു പോലുമോ റിപ്പോർട്ടിലില്ല. ഉച്ചകോടിക്കു വേദിയൊരുക്കിയ രാജ്യമെന്ന നിലയിൽ വിയറ്റ്നാം ആണ് റിപ്പോർട്ട് തയാറാക്കിയത്. രോഹിൻഗ്യ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ഉച്ചകോടിക്കെത്തുന്ന വിദേശനേതാക്കളോടു മ്യാൻമർ നേതാവ് ഓങ് സാൻ സൂ ചി ആവശ്യപ്പെട്ടിരുന്നു.

അനധികൃതമായി മ്യാൻമറിലേക്കു കുടിയേറിയതാണെന്നാരോപിച്ചു രോഹിൻഗ്യകൾക്കു നേരെ വൻതോതിൽ അതിക്രമം നടക്കുകയാണ്. ഓഗസ്റ്റ് മധ്യത്തിൽ ആരംഭിച്ച നടപടികൾക്കു പിന്നിൽ സൈന്യത്തിനും പങ്കുണ്ടെന്നാണു റിപ്പോർട്ടുകൾ. ആറു ലക്ഷത്തിലേറെ രോഹിൻഗ്യകൾ ഇതിനോടകം ബംഗ്ലേദശിലേക്കു മാത്രം പലായനം ചെയ്തിട്ടുണ്ട്. രോഹിൻഗ്യകൾക്കുനേരേ നടക്കുന്ന പട്ടാള നടപടി വംശീയ ഉൻമൂലനമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലും വ്യക്തമാക്കിയിരുന്നു.

ഉച്ചകോടിക്കിടെ മലേഷ്യ രോഹിൻഗ്യൻ വിഷയത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന നയത്തിന്റെ അടിസ്ഥാനത്തിൽ 10 രാജ്യങ്ങളും നിശബ്ദത പാലിക്കുകയായിരുന്നു. സൂ ചിയും തന്റെ പ്രസംഗത്തിൽ രോഹിൻഗ്യകളെപ്പറ്റി മിണ്ടിയില്ല. മാത്രവുമല്ല, 1999ൽ പട്ടാളഭരണകാലത്ത് മ്യാൻമറിലെ പ്രശ്നങ്ങളിൽ ആസിയാൻ ഇടപെട്ടില്ലെന്ന വിമർശനവും ഉന്നയിച്ചു.

‘ഇടപെടില്ല എന്ന നയം സഹായിക്കാതിരിക്കാനുള്ള വെറും ന്യായീകരണം മാത്രമാണ്. ഇക്കാലത്ത് മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കാനാകില്ല’ എന്നായിരുന്നു ഒരു പത്രത്തിലെ കോളത്തിൽ അവർ എഴുതിയത്.