തെറിക്കുമോ മൂന്നാമത്തെ വിക്കറ്റ്; എല്ലാ കണ്ണുകളും മുഖ്യമന്ത്രിയിൽ

തിരുവനന്തപുരം ∙ മന്ത്രിസഭയിൽനിന്ന് മൂന്നാമത്തെ വിക്കറ്റ് തെറിക്കുമോയെന്ന ചർച്ചകൾ സജീവമാകുമ്പോൾ, ഗതാഗത മന്ത്രി തോമസ്ചാണ്ടിക്കു വിനയായത് സ്വന്തം നിലയ്ക്കെടുത്ത തീരുമാനങ്ങൾ. രാജി വേണമെന്നു സ്വന്തം പാർട്ടിയായ എൻസിപിയിലും അഭിപ്രായമുയർന്ന സാഹചര്യത്തിൽ തോമസ് ചാണ്ടിക്കു മുന്നിൽ മറ്റു മാർഗങ്ങളില്ല. എങ്കിൽ രാജ്യത്ത് അവശേഷിക്കുന്ന എകമന്ത്രി സ്ഥാനം എൻസിപിക്ക് നഷ്ടമാകും.

മന്ത്രിയുടെ രാജി സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അത് എത്ര ദിവസം നീളുമെന്നു മാത്രമേ ഇനി അറിയാനുള്ളൂ. തോമസ് ചാണ്ടി മന്ത്രിസഭയിൽ തുടർന്നാൽ അതൊരദ്ഭുതമായിരിക്കും. 

ഫോൺ വിളി വിവാദത്തിൽ കുടുങ്ങി എ.കെ.ശശീന്ദ്രൻ രാജിവച്ച സാഹചര്യത്തിൽ മന്ത്രിയായ തോമസ് ചാണ്ടിക്ക് ഭൂമി സംബന്ധിച്ച ആരോപണങ്ങളേക്കാൾ തിരിച്ചടിയായത് സ്വന്തം വാക്കുകളാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തി ‘ഒരു അന്വേഷണ ഏജൻസിക്കും തനിക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല’ എന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചതോടെ മുന്നണിയിൽ പുതിയ തർക്കങ്ങൾക്കു വഴി തുറന്നു.

എൽഡിഎഫിന്റെ ജനജാഗ്രതായാത്ര വെല്ലുവിളിക്കുള്ള വേദിയല്ലെന്നു തോമസ് ചാണ്ടിയെ വേദിയിൽവച്ചുതന്നെ തിരുത്തിയ കാനം പിന്നീട് പത്ര സമ്മേളനത്തിലും മന്ത്രിയെ തള്ളിപ്പറഞ്ഞു. റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന, മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐയുടെ സെക്രട്ടറിയെ വേദിയിലിരുത്തി നടത്തിയ പരാമർശങ്ങൾ ചാണ്ടിയെ പിന്തുണച്ചിരുന്നവരെപ്പോലും മാറ്റി ചിന്തിപ്പിച്ചു. ഇതിന്റെ പ്രതിഫലനമാണ് എൽഡിഎഫ് യോഗത്തിലുണ്ടായത്. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും തോമസ് ചാണ്ടിയും യോഗത്തിൽ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി. മറ്റു ഘടകകക്ഷി നേതാക്കളും പന്ന്യന്റെ നിലപാടിനോടു യോജിച്ചു. തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കണമെന്ന വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന കാര്യങ്ങളെ മറ്റൊരു തലത്തിലെത്തിച്ചു.

മുഖ്യമന്ത്രിയുടെ നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടാണ് സർക്കാരിന്റെ തുടക്കം മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചുവരുന്നത്. അതിന്റെ വലിയ ഉദാഹരണമായിരുന്നു ഇ.പി. ജയരാജന്റെ രാജി. പിന്നാലെ എ.കെ. ശശീന്ദ്രനും രാജിവച്ചു. ആരോപണമുയർന്നപ്പോൾത്തന്നെ രാജി പ്രഖ്യാപിച്ചവരാണ് രണ്ടുപേരും. എന്നാൽ, തോമസ് ചാണ്ടിയുടെ രാജി നീണ്ടുപോകുന്നതിനെതിരെ മുന്നണിയിൽതന്നെ എതിർപ്പുണ്ട്. മുഖ്യമന്ത്രി രാജി ആവശ്യപ്പെടാത്തതിൽ നീരസമുള്ളവരുമുണ്ട്. അതിനാൽതന്നെ തീരുമാനം നീട്ടിക്കൊണ്ടുപോകാൻ മുഖ്യമന്ത്രിക്കാകില്ല. 

രേഖകൾ പരിശോധിച്ചശേഷം, വൈകാതെ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി ഘടകകക്ഷിനേതാക്കളെ അറിയിച്ചിരിക്കുന്നത്. എൻസിപി നേതൃയോഗത്തിൽ ഭൂരിപക്ഷം നേതാക്കളും രാജി വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതു മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാധീനിച്ചേക്കും. മന്ത്രിയെ ഇനിയും സംരക്ഷിക്കാൻ ശ്രമിച്ചാൽ കൂടുതൽ തിരിച്ചടിയുണ്ടാകുമെന്ന ബോധ്യം മുഖ്യമന്ത്രിക്കും എൽഡിഎഫ് നേതൃത്വത്തിനുമുണ്ട്. എൽഡിഎഫ് നേതൃത്വം എൻസിപി കേന്ദ്രനേതൃത്വവുമായി കൂടിയാലോചനകൾ നടത്തുന്നുണ്ട്. എൻസിപി കേന്ദ്ര നേതാക്കൾ മുഖ്യമന്ത്രിയെ കാണാനായി കേരളത്തിലെത്തുന്നുണ്ട്. ഇതിനുശേഷം മാത്രമേ തീരുമാനമുണ്ടാകാനിടയുള്ളൂ.

തോമസ് ചാണ്ടി രാജി വയ്ക്കുകയാണെങ്കിൽ മുഖ്യമന്ത്രി തന്നെ വകുപ്പ് തൽക്കാലത്തേക്ക് ഏറ്റെടുക്കാനാണു സാധ്യത. എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കാൻ സാധ്യതയില്ല. ഫോൺവിളി ആരോപണത്തിൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് വന്നതിനുശേഷം ഇതിനെക്കുറിച്ച് ആലോചിക്കാം എന്നാണ് സിപിഎം നിലപാട്. എൻസിപിയെപ്പോലെ നിയമസഭയിൽ അംഗങ്ങൾ കുറവുള്ള പാർട്ടിക്ക് മന്ത്രിസ്ഥാനം നൽകേണ്ടതുണ്ടോ എന്നതിനെക്കുറിച്ചും പാർട്ടി ഗൗരവമായി ആലോചിക്കുന്നു. എൻസിപിയുടെ രണ്ടു മന്ത്രിമാർ വരുത്തിയ മോശം പ്രതിച്ഛായയാണ് കാരണം.