തിരക്കിട്ട നീക്കങ്ങൾ, വിട്ടുകൊടുക്കാതെ സിപിഐ; സംഭവവികാസങ്ങൾ ഇങ്ങനെ

മന്ത്രിസഭായോഗത്തിനുശേഷം മന്ത്രി തോമസ് ചാണ്ടി സെക്രട്ടേറിയറ്റിൽനിന്നു പുറത്തേക്കിറങ്ങുന്നു. ചിത്രം: മനോജ് ചേമഞ്ചേരി.

തിരുവനന്തപുരം∙ കായൽ കയ്യേറ്റത്തിൽ ഹൈക്കോടതിയിൽനിന്നു കനത്ത തിരിച്ചടിയേറ്റ തോമസ് ചാണ്ടി വിഷയത്തിൽ ബുധനാഴ്ച രാവിലെ മുതൽ തലസ്ഥാനത്ത് അരങ്ങേറിയതു തിരക്കിട്ട നീക്കങ്ങൾ. മന്ത്രിസഭായോഗത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തോമസ് ചാണ്ടിയെയും ടി.പി. പീതാംബരനെയും കൂടിക്കാഴ്ചയ്ക്കു വിളിച്ചു. പിന്നാലെ നടന്ന മന്ത്രിസഭായോഗം സിപിഐ മന്ത്രിമാർ ബഹിഷ്കരിച്ചു. ഇതിനെ വിമർശിച്ച് മുഖ്യമന്ത്രി നേരിട്ടു രംഗത്തുവന്നതോടെ തലസ്ഥാനത്ത് എന്തും സംഭവിക്കാമെന്ന സ്ഥിതിയായി.

ഇന്നുനടന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ ഇങ്ങനെ:

∙ രാവിലെ 7.00 – രാജിക്കാര്യത്തിൽ ഇപ്പോൾ തീരുമാനമില്ലെന്നു എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാധ്യമങ്ങളോട്. പിന്നീടു തോമസ് ചാണ്ടിയെക്കാണാൻ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക്.

∙ 7.30 – മന്ത്രിയുടെ വസതിയിലെത്തിയ പീതാംബരനും തോമസ് ചാണ്ടിയുമായി ചർച്ച. ഇരുവരും പിന്നീടു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ക്ലിഫ് ഹൗസിലേക്ക്.

∙ 8.00 – ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച. അരമണിക്കൂറോളം നേരമെടുത്ത കൂടിക്കാഴ്ചയ്ക്കുശേഷം ക്ലിഫ് ഹൗസിനു പുറത്തു കാത്തുനിന്ന മാധ്യമങ്ങളോടു പ്രതികരിക്കാതെ ഇരു കാറുകളിലായി മന്ത്രി തോമസ് ചാണ്ടിയും ടി.പി. പീതാംബരനും പുറത്തേക്ക്.

∙ 9.00 – മന്ത്രിസഭായോഗത്തിനായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തി. തോമസ് ചാണ്ടിയും യോഗത്തിനെത്തി. കോടതി വിധി കൈയിൽ കിട്ടട്ടേ, അതിനുശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നു ചാണ്ടി മാധ്യമങ്ങളോടു പ്രതികരിച്ചു. സിപിഐ മന്ത്രിമാർ എത്തിയെങ്കിലും തോമസ് ചാണ്ടി യോഗത്തിൽ പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ചു യോഗം നടന്ന മുറിയിൽ പ്രവേശിച്ചില്ല. പ്രതിഷേധം അറിയിച്ചു സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിക്കു കത്തു നൽകി.

∙ 10.00 – മന്ത്രിസഭാ യോഗം അവസാനിച്ചു. ജി. സുധാകരൻ ഉൾപ്പെടെയുള്ള മന്ത്രിമാർ, ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പുറത്തുവന്ന മന്ത്രിമാർ മാധ്യമങ്ങളോടു യാതൊന്നും പ്രതികരിച്ചില്ല.

∙ 10.30 – മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. പതിവുപോലെ മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രി അറിയിച്ചു. വിവാദമായ തോമസ് ചാണ്ടി വിഷയം അവസാനത്തേക്കു വച്ചു. യോഗ തീരുമാനങ്ങൾ വിശദീകരിച്ചശേഷം തോമസ് ചാണ്ടി വിഷയം മന്ത്രിസഭ ചർച്ച ചെയ്തില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. ദേശീയ നേതൃത്വവുമായി ആലോചിക്കാൻ എൻസിപിക്കു വീണ്ടും സമയം നൽകി. അതോടൊപ്പം മന്ത്രിസഭായോഗം ബഹിഷ്കരിച്ച സിപിഐയുടെ നടപടിയിലുള്ള അതൃപ്തിയും മുഖ്യമന്ത്രി അറിയിച്ചു.

∙ 11.00 – മന്ത്രിസഭായോഗശേഷം തോമസ് ചാണ്ടി പുറത്തുവന്നു. എൻസിപി ദേശീയ നേതൃത്വം അനുവദിച്ചാൽ രാജിവയ്ക്കുമെന്നും രണ്ടു മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയെ കാണുമെന്നും ചാണ്ടി മാധ്യമങ്ങളോട് അറിയിച്ചു. മന്ത്രിയും എൻസിപി നേതാക്കളായ പീതാംബരനും എ.കെ. ശശീന്ദ്രനും ഉൾപ്പെടെയുള്ളവർ മന്ത്രിമന്ദിരത്തിലെത്തി കൂടിയാലോചനകൾ നടത്തുന്നു. തോമസ് ചാണ്ടി രാജിവയ്ക്കുന്നതിനു പകരം അവധിയെടുത്തു മാറിനിൽക്കുന്ന കാര്യവും എൻസിപി പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

∙ 12.00 – സിപിഐ നിലപാടിന്റെ ശരിതെറ്റുകള്‍ ജനം തീരുമാനിക്കട്ടെയെന്നു മുഖ്യമന്ത്രിക്കു മറുപടിയുമായി സിപിഐ മന്ത്രി ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കി. ബഹിഷ്കരണത്തിന്റെ കാരണം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

∙ 12.15 – രണ്ടു മണിക്ക് ടി.പി. പീതാംബരൻ വാർത്താസമ്മേളനം നടത്തുമെന്ന് മന്ത്രിമന്ദിരത്തിൽനിന്നു പുറത്തിറങ്ങിയ എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു. തോമസ് ചാണ്ടിയും മാധ്യമങ്ങളെ കാണുമെന്നും കൂട്ടിച്ചേർത്തു.

∙ 12.30 – തോമസ് ചാണ്ടി മന്ത്രിമന്ദിരത്തിൽനിന്നു സ്വന്തം മണ്ഡലമായ കുട്ടനാട്ടിലേക്കു പുറപ്പെട്ടു.

∙ 12.45 – ടി.പി. പീതാംബരൻ സെക്രട്ടേറിയറ്റിലെത്തി തോമസ് ചാണ്ടിയുടെ രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറി.