രാജിവച്ചു മടങ്ങിയ തോമസ് ചാണ്ടിക്കുനേരെ അടൂരിൽ ചീമുട്ടയേറ്, കരിങ്കൊടി

അടൂർ ∙ പാർട്ടി നേതൃത്വത്തിനു രാജിക്കത്തു കൈമാറിയ ശേഷം കുട്ടനാട്ടിലേക്കു മടങ്ങിയ തോമസ് ചാണ്ടിയെ അടൂരിൽ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാട്ടി, ചീമുട്ടയെറിഞ്ഞു. പൊലീസ് സ്ഥലത്തില്ലായിരുന്നു. ചീമുട്ടയേറു കാരണം ഡ്രൈവിങ് പ്രയാസമായതിനാൽ പന്തളം പൊലീസ് സ്റ്റേഷനിൽവച്ച് വാഹനത്തിന്റെ ഗ്ലാസ് കഴുകി വൃത്തിയാക്കി. പിന്നീട് വാഹനത്തിന്റെ നാലാം നമ്പർ ബോർഡും മാറ്റി യാത്ര തുടർന്നു. അതിനിടെ, തിരുവനന്തപുരത്തുനിന്ന് പിന്നാലെ എത്തിയ ചാനൽ വാഹനങ്ങൾ പൊലീസ് തടഞ്ഞു.

എൻസിപി ദേശീയ നേതൃത്വവുമായി നടന്ന ചർച്ചകൾക്കുശേഷമാണ് തോമസ് ചാണ്ടി രാജിക്കത്ത് പാർട്ടി നേതൃത്വത്തിനു കൈമാറിയത്. യോഗത്തിനുശേഷം പുറത്തിറങ്ങിയ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണാൻ പോകുമെന്നു കരുതിയെങ്കിലും ഔദ്യോഗിക വാഹനത്തിൽ സ്വന്തം മണ്ഡലമായ കുട്ടനാട്ടിലേക്കാണു യാത്ര തിരിച്ചത്. ഇവിടെ എത്തിയശേഷം അദേഹം കൊച്ചിക്കു പോകും.