മൊഴിയിലെ വൈരുധ്യം: ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു

ആലുവ∙ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബിൽ എസ്പി സുദർശന്റെയും എസ്ഐ ബിജു പൗലോസിന്റെയും നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ പത്തുമണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ദിലീപ് സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

സംഭവ ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നു കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റാണ് ദിലീപ് ഹാജരാക്കിയിരുന്നത്. എന്നാൽ പൊലീസ് നടത്തിയ അനേഷണത്തിൽ ഇതു തെറ്റാണെന്നു കണ്ടെത്തി. അവർ ഡോക്ടറുടെയും നഴ്സുമാരുടെയും മൊഴിയെടുത്തു. ചികിത്സയ്ക്ക് എത്തിയിരുന്നെങ്കിലും അഡ്മിറ്റ് ആയില്ല എന്നാണ് ഇവർ മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്തത്.

അതേസമയം, കേസിൽ ദിലീപിനെതിരെ കുറ്റപത്രം നൽകുന്നത് അന്തിമ ഘട്ടത്തിലാണ്. ഗൂഢാലോചനയാണു ദിലീപിനെതിരായ കുറ്റം. സംഭവവുമായി നേരിട്ടു ബന്ധമുള്ള പൾസർ സുനി അടക്കം ആറു പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനാൽ ദിലീപ് ഏഴാം പ്രതിയാകുമെന്നാണു സൂചന. ചില സാങ്കേതിക കാര്യങ്ങൾ കൂടി പരിഹരിക്കാനുണ്ടെന്നും അതിനാലാണു കുറ്റപത്രം നൽകാൻ വൈകുന്നതെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തെ അറിയിച്ചിരുന്നു.

പൊലീസിനു നൽകിയ മൊഴി ചില സാക്ഷികൾ കോടതിയിൽ മാറ്റിപ്പറഞ്ഞിരുന്നു. ഇതും അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിൽ സ്വീകരിക്കേണ്ട നിലപാടുകൂടി തീരുമാനിച്ചിട്ടാകും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.