റഷ്യക്കാർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാരും സൈബർ ചാരന്മാരും: തെരേസ മേ

ലണ്ടൻ∙ റഷ്യയ്ക്കെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്ത്. റഷ്യ സൈബർ ചാരപ്രവർത്തനം നടത്തുന്നവരും സ്വതന്ത്ര ജനാധിപത്യ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടപെടുന്നവരുമാണെന്നാണു തെരേസ മേയുടെ ആരോപണം. എന്നാൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ആരോപണങ്ങളെ റഷ്യ അതേഭാഷയിൽ തള്ളിക്കളഞ്ഞു. തിരിഞ്ഞുകൊത്തുന്ന ആരോപണങ്ങളുമായി വരരുതെന്നും സ്വയം വിഡ്ഢിവേഷം കെട്ടാൻ ശ്രമിക്കരുതെന്നും തിരിച്ചടിച്ചാണു ബ്രിട്ടന്റെ ആരോപണങ്ങളെ റഷ്യൻ നേതാക്കൾ പ്രതിരോധിച്ചത്.

നേതാക്കളുടെ വാക്പോര് ഒരിടവേളയ്ക്കുശേഷം വീണ്ടും റഷ്യ - ബ്രിട്ടൻ ബന്ധം വഷളാക്കുകയാണ്. സിറിയൻ, യുക്രെയ്ൻ പ്രശ്നങ്ങളുടെ പേരിലുള്ള അകൽച്ച ഇരുരാജ്യങ്ങൾക്കുമിടയിൽ ഇപ്പോഴും രൂക്ഷമാണെന്നു വ്യക്തമാക്കുന്നതാണു പ്രധാനമന്ത്രിയുടെയും അതിനോടുള്ള റഷ്യൻ അധികൃതരുടെയും പ്രതികരണങ്ങൾ.

തിങ്കളാഴ്ച രാത്രി ലണ്ടനിലെ ഗിൽഡ് ഹാളിൽ നടന്ന ചടങ്ങിലായിരുന്നു റഷ്യക്കെതിരെ ആഞ്ഞടിച്ചു ബ്രിട്ടിഷ് പ്രധാനമന്ത്രി രംഗത്തെത്തിയത്. 2016ലെ യുഎസ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടിട്ടില്ലെന്ന പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ വാദം വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനോടുള്ള പ്രതികരണമെന്നനിലയിലാണു റഷ്യ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നവരും സൈബർ ചാരന്മാരുമാണെന്നു തെരേസ മേ തുറന്നടിച്ചത്. വ്യാജവാർത്തകൾ പ്രചരിപ്പിച്ചു റഷ്യ, യൂറോപ്യൻ രാജ്യങ്ങളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നതായും അവർ ആരോപിച്ചു.

എന്നാൽ ഇതെല്ലാം തെറ്റായ ധാരണയും വ്യാജ വാർത്തയുമാണെന്നാണു ബ്രിട്ടനിലെ റഷ്യൻ എംബസി പ്രതികരിച്ചത്. തിരിഞ്ഞുകുത്തുന്ന പ്രസംഗങ്ങളിലൂടെ വിഡ്ഢിവേഷം കെട്ടാൻ ശ്രമിക്കരുതെന്നായിരുന്നു മുതിർന്ന റഷ്യൻ സെനറ്റർമാരുടെ പ്രതികരണം.

ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ അടുത്തമാസം റഷ്യ സന്ദർശിക്കാനിരിക്കെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മോശമാക്കുന്ന പ്രസ്താവന ബ്രിട്ടിഷ് പ്രധാനമന്ത്രിയിൽനിന്ന് ഉണ്ടായത്. യൂറോപ്യൻ വ്യോമാതിർത്തി ഭേദിച്ചു ചാരവിമാനങ്ങൾ പറത്തുന്നതും മറ്റും പതിവാക്കിയ റഷ്യയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പാണു തെരേസ മേ നൽകിയത് എന്നാണു നയതന്ത്ര നിരീക്ഷകരുടെ വിലയിരുത്തൽ.

തെളിവുകൾ ഉള്ളതുകൊണ്ടായിരിക്കാം തെരേസ മേ റഷ്യക്കെതിരെ പരസ്യമായി ഇത്തരം ആരോപണം ഉന്നയിച്ചതെന്നാണു ബ്രിട്ടനിലെ യുഎസ് അംബാസിഡർ ഇതേക്കുറിച്ചു പ്രതികരിച്ചത്.