ഐഎസിൽനിന്ന് 95% സ്ഥലവും ഒഴിപ്പിച്ചു; 75 ലക്ഷം ജനങ്ങളെ രക്ഷപ്പെടുത്തി: യുഎസ് സഖ്യം

അമ്മാൻ (ജോർദാൻ) ∙ ഇറാഖ് – സിറിയ അതിർത്തിയിൽ പടുത്തുയർത്തിയ സ്വയംഭരണപ്രദേശത്തിൽനിന്നു ഭീകരസംഘടനയായ ഐഎസിനെ പിഴുതെറിയാനായതായി യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ അറിയിച്ചു. മേഖലയിലെ 95% സ്ഥലത്തുനിന്നും ഐഎസിനെ ഒഴിപ്പിച്ചു. 2014ലാണ് ഐഎസിനെതിരെ യുഎസിന്റെ നേതൃത്വത്തിൽ മറ്റു രാജ്യങ്ങൾ ചേർന്നു സഖ്യകക്ഷിയായി ആക്രമണം തുടങ്ങിയത്. അന്നു മുതൽ ഇറാഖ് – സിറിയ പ്രദേശങ്ങളിലെ ഓരോ ഇഞ്ചും ഐഎസിൽനിന്നു വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സഖ്യകക്ഷി സൈന്യം – യുഎസ് പ്രതിനിധി ബ്രെറ്റ് മക്ഗുർക് ജോർദാനിൽ രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയോട് അറിയിച്ചു.

ഇതുവരെ ഐഎസിൽനിന്ന് 75 ലക്ഷം ജനങ്ങളെ മോചിപ്പിക്കാനായതായും മക്ഗുർക് അറിയിച്ചു. സംഘടനയുടെ സാമ്പത്തികസ്ഥിതിയെയും സഖ്യകക്ഷിയുടെ നീക്കങ്ങൾ ബാധിച്ചിട്ടുണ്ട്. ബ്രിട്ടന്റെ വലുപ്പത്തോടു സാമ്യമുള്ള പ്രദേശത്താണ് ഐഎസ് തങ്ങളുടെ ഖിലാഫത്ത് സ്ഥാപിച്ചത്. ഇതേത്തുടർന്നു വിവിധ വിദേശരാജ്യങ്ങളിൽനിന്നു നിരവധിപ്പേർ ഐഎസിന്റെ ആശയങ്ങളിൽ ആകൃഷ്ടരായി ഭീകരസംഘടനയിൽ ചേർന്നിരുന്നു.

അതിനിടെ, സഖ്യകക്ഷികളുടെ ആക്രമണത്തിന്റെ ഭാഗമായി ഐഎസിനു വൻതോതിൽ ആൾനാശം നേരിട്ടിരുന്നു. പരാജയം രുചിച്ചതിനെത്തുടർന്നു പല വിദേശി ഭീകരരും സ്വന്തരാജ്യത്തേക്കു തിരിച്ചുപോകുന്നുമുണ്ട്. എന്നാൽ തിരികെയെത്തി ആക്രമണം നടത്താൻ സാധ്യതയുള്ളതിനാൽ ഇവര്‍ വരുന്നതു തടയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി അതിർത്തികളിലും വ്യോമയാന മേഖലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മക്ഗുർക് വ്യക്തമാക്കി.