Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരൂരിന്റെ ‘മഹാരാജ’ പരാമർശം: ‘രാജാക്കന്മാർ’ പ്രതികരിക്കണമെന്ന് ഇറാനി

shashi-tharoor-smriti-irani ശശി തരൂർ, സ്മൃതി ഇറാനി

ന്യൂഡൽഹി∙ പദ്മാവതി സിനിമയെക്കുറിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ ‘മഹാരാജ’ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി സ്മ‍ൃതി ഇറാനി. ബ്രിട്ടിഷുകാർ അഭിമാനം ചവിട്ടിയരയ്ക്കാൻ എത്തിയപ്പോൾ സ്വയരക്ഷയ്ക്കായി പരക്കംപാഞ്ഞ ‘വീര രാജാക്കൻമാർ’ ഇപ്പോൾ അഭിമാനക്ഷതമെന്നു പറഞ്ഞ് ഒരു സിനിമാക്കാരന്റെ പുറകെയാണെന്നായിരുന്നു തരൂരിന്റെ പരാമർശം. ഇതിനോടു പ്രതികരിച്ച ഇറാനി, കോൺഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌വിജയ് സിങ്, അമരീന്ദർ സിങ് എന്നിവർക്ക് എന്താണു പറയാനുള്ളതെന്നു ചോദിച്ചു. മൂവരും രാജകുടുംബത്തിൽപ്പെട്ടവരാണ്.

എല്ലാ രാജാക്കന്മാരും ബ്രിട്ടിഷുകാരുടെ മുന്നിൽ മുട്ടുകുത്തിയോ? ഇക്കാര്യത്തിൽ മറുപടി പറയേണ്ടതു സിന്ധ്യയും ദിഗ്‌വിജയ് സിങ്ങും അമരീന്ദറുമാണെന്നുമാണ് ഇറാനി പറഞ്ഞത്.

എന്നാൽ തന്റെ പരാമർശത്തിൽ തരൂര്‍ വ്യക്തത വരുത്തിയിരുന്നു. രജപുത്ര അഭിമാനം താൻ വ്രണപ്പെടുത്തിയെന്ന തരത്തിലുള്ള ബിജെപിക്കാരുടെ അവകാശവാദം വിസ്മയിപ്പിക്കുന്നു. ബ്രിട്ടിഷുകാരുമായി സന്ധിയിലായ മഹാരാജാക്കൻമാരുടെ കാര്യമാണു താൻ പറഞ്ഞത്. അല്ലാതെ സാമുദായികമായ ഒരു പരാമർശവും നടത്തില്ലെന്നും തരൂർ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

രജപുത്ര വിഭാഗത്തിന്റെ ആശങ്കകളെക്കുറിച്ചു വിശദീകരിച്ചപ്പോൾ ഇന്ത്യയുടെ നാനാത്വവും ഐക്യവും സംരക്ഷിക്കാൻ ജനങ്ങളുടെ ആശങ്കകളെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. രജപുത്രരുടെ വീരം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. അതിനെ ചോദ്യം ചെയ്യുകയല്ല. അവരുടെ ആശങ്ക ബിജെപി പരിഗണിക്കണമെന്നും തരൂർ വ്യക്തമാക്കി.

അതേസമയം, തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. തരൂർ ചരിത്രം പഠിക്കണമെന്നും താൻ ഭൂതകാലത്തിൽ അഭിമാനം കൊള്ളുന്നുവെന്നുമാണ് ഗ്വാളിയോർ രാജകുടുംബാംഗമായ സിന്ധ്യ പറഞ്ഞത്.