പ്രശ്നങ്ങൾ പരിഹരിക്കാൻ സിപിഎമ്മും സിപിഐയും; ചർച്ചകൾക്ക് ഇന്നു തുടക്കം

തിരുവനന്തപുരം∙ മുൻ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി ഉടലെടുത്ത സിപിഎം – സിപിഐ ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സജീവം. പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾ ഇന്നാരംഭിക്കും. വിദേശത്തുനിന്ന് ഇന്ന് തിരിച്ചെത്തുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കോടിയേരി ബാലകൃഷ്ണനുമായി വൈകാതെ ചർച്ച നടത്തും. അതേസമയം രാജിയെച്ചൊല്ലി സ്വന്തം പാർട്ടിയിലുണ്ടായ തർക്കങ്ങളുടെ പരിഹാരമായിരിക്കും കാനത്തിനു കൂടുതൽ തലവേദനയുണ്ടാക്കുക.

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചതിനു പിന്നാലെയായിരുന്നു സിപിഎം – സിപിഐ കൊമ്പുകോർക്കൽ. മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും കടുത്തവിമർശനങ്ങൾക്ക് അതേനാണയത്തിൽ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു മറുപടി പറഞ്ഞതോടെ പരസ്യമായ പോരടിക്കലായി. സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിൽ സിപിഐ ഏത് മുന്നണിയിലായിരിക്കുമെന്ന് അറിയില്ലെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റ പരിഹാസം കൂടിയായതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. ഇതിനിടയിലാണ് മഞ്ഞുരുക്കാൻ സിപിഐ ദേശീയ നേതൃത്വം മുന്നിട്ടിറങ്ങിയത്.

അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കണമെന്നു ദേശീയ സെക്രട്ടറി സുധാകർ റെഡ്ഡി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാണന്നു സിപിഎം സംസ്ഥാന സെക്രട്ടറി കൂടി പറഞ്ഞതോടെ ചർച്ചയ്ക്കുള്ള വഴിയൊരുങ്ങി. മുന്നണിയിലെ തർക്കങ്ങളേക്കാൾ പാർട്ടിക്കുള്ളിലെ ഭിന്നതയാണ് സിപിഐ ദേശീയ നേതൃത്വത്തെ അലട്ടുന്നത്. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്ന കെ.ഇ. ഇസ്മയിലിന്റ പ്രസ്താവനയും അതിനെതിരെ സംസ്ഥാന നേതൃത്വത്തിന്റ വിമർശനങ്ങളും ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്. ബുധനാഴ്ച പാർട്ടി നിർവാഹകസമിതിയോഗം ചേരാനിരിക്കെ ഒരേസമയം പാർട്ടിയിലേയും മുന്നണിയിലേയും അഭിപ്രായവ്യത്യാസം പരിഹരിക്കുകയെന്ന ശ്രമകരമായ ജോലിയാണ് കാനത്തെ കാത്തിരിക്കുന്നത്.