മൂന്നാർ ഹർത്താൽ സിപിഐയ്ക്കെതിരായ പ്രതിഷേധമെന്ന് സിപിഎം

തൊടുപുഴ∙ മൂന്നാറിൽ ചൊവ്വാഴ്ച നടത്താനിരിക്കുന്ന ഹർത്താൽ‌ സിപിഐയ്ക്കെതിരായ പ്രതിഷേധമാണെന്നു സിപിഎം പ്രാദേശിക നേതൃത്വം. ഭൂമിപ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി എടുത്ത തീരുമാനങ്ങള്‍ റവന്യുവകുപ്പ് അട്ടിമറിക്കുകയാണെന്ന് സിപിഎം ഏരിയാ സെക്രട്ടറി കെ.കെ. വിജയന്‍ ആരോപിച്ചു. 

ജോയ്സ് ജോർജ് എംപിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ റവന്യു വകുപ്പിന്റെ നടപടിയാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. റവന്യു വകുപ്പ് തയാറാക്കിയ 58–ാം നമ്പർ ബ്ലോക്കിലെ ഭൂമി കൈവശപ്പെടുത്തിയവരുടെ പട്ടികയിൽ പെരുമ്പാവൂരിലെ സിപിഎം കൗൺസിലർ ജോൺ ജേക്കബ്, മറയൂർ മുൻ ഏരിയാ സെക്രട്ടറി എം. ലക്ഷ്മണൻ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെയും നടപടിയുണ്ടാകുമെന്നു റവന്യു വകുപ്പു വ്യക്തമാക്കിയതോടെയാണു സിപിഎം, ഹർത്താൽ ഭീഷണി ഉയർത്തിയത്. മൂന്നാർ സംരക്ഷണ സമിതിക്കു രൂപം നൽകി സിപിഐക്കെതിരെ പടയൊരുക്കുകയായിരുന്നു. 

സിപിഎമ്മിന്റെ നീക്കം കയ്യേറ്റകാരെ രക്ഷിക്കാനാണെന്നു സിപിഐ തുറന്നടിച്ചു. ഇതോടെ സംയമനം പാലിച്ച സിപിഎം നേതൃത്വത്തിനു സിപിഐയെ ആക്രമിക്കാൻ ഊർജം പകർന്നതു ദേവികുളം സബ്കലക്ടർക്കെതിരായ മന്ത്രി എം.എം. മണിയുടെ വാക്കുകളാണ്. മൂന്നാർ ഉൾപ്പെടെ 10 പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ എന്തു വിലകൊടുത്തും വിജയിപ്പിക്കാനാണു സിപിഎം നേതൃത്വത്തിന്റെ തീരുമാനം. ഹർത്താൽ പരാജയപ്പെടുത്താൻ സിപിഐയും കോൺഗ്രസും രംഗത്തുണ്ട്. കൊട്ടാക്കമ്പൂർ ഭൂമിവിവാദം മൂന്നാറിൽ അസാധാരണ രാഷ്ട്രീയ സാഹചര്യത്തിനാണു കളമൊരുക്കിയിട്ടുള്ളത്.