രാജ്യാന്തര കോടതി: അവസാന നിമിഷം ബ്രിട്ടൻ പിന്മാറി, ഇന്ത്യയ്ക്കു നാടകീയ ജയം

ദൽവീർ ഭണ്ഡാരി

ന്യൂയോർക്ക്∙ ഹേഗ് ആസ്ഥാനമായ രാജ്യാന്തര കോടതി (ഐസിജെ) ജഡ്ജി സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്കു വിജയം. ഇന്ത്യക്കാരനായ ദൽവീർ ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. മത്സരരംഗത്തുണ്ടായിരുന്ന ബ്രിട്ടന്റെ ക്രിസ്റ്റഫർ ഗ്രീൻവുഡ് അവസാനനിമിഷം നാടകീയമായി പിന്മാറിയതോടെയാണു ഭണ്ഡാരിയുടെ വിജയം ഉറപ്പായത്. സ്ഥാനാർഥിയെ പിൻവലിക്കേണ്ടിവന്നതു ബ്രിട്ടനേറ്റ കനത്ത തിരിച്ചടിയാണെന്ന് ഇംഗ്ലിഷ് മാധ്യമങ്ങൾ വിമർശിച്ചു. 1945ൽ രൂപീകൃതമായ രാജ്യാന്തര കോടതിയിൽ ചരിത്രത്തിൽ ആദ്യമായാണു ബ്രിട്ടനു ജഡ്ജിയില്ലാതാവുന്നത്. നേരത്തേ, 11 വട്ടവും യുഎൻ പൊതുസഭയിൽ വോട്ടെടുപ്പു നടന്നപ്പോൾ ഇന്ത്യയ്ക്കു വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.

യുഎൻ പൊതുസഭയിൽ 193ൽ 183 വോട്ടും രക്ഷാസമിതിയിലെ എല്ലാ വോട്ടുകളും (15) നേടിയാണു ഭണ്ഡാരി വിജയിച്ചിരിക്കുന്നത്. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, റഷ്യ, ഫ്രാൻസ്, ചൈന എന്നിവർ മറ്റൊരു സ്ഥിരാംഗമായ ബ്രിട്ടന്റെ ഗ്രീൻവുഡിനെയായിരുന്നു പിന്തുണച്ചിരുന്നത്. ഗ്രീൻവു‍ഡ് പിൻമാറുന്ന കാര്യം ബ്രിട്ടന്റെ യുഎന്നിലെ സ്ഥിരം പ്രതിനിധി മാത്യു റൈക്രോഫ്റ്റ് പൊതുസഭയുടെയും രക്ഷാസമിതിയുടെയും അധ്യക്ഷന്മാരെ എഴുതി അറിയിച്ചിരുന്നു. ഗ്രീൻവുഡ് പിന്മാറിയെങ്കിലും നേരത്തേ നിശ്ചയിച്ചതുപോലെ വോട്ടിങ് നടന്നു.

തിരഞ്ഞെടുപ്പിനായി യുഎൻ പൊതുസഭയുടെയും രക്ഷാസമിതിയുടെയും സംയുക്ത സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു ബ്രിട്ടൻ രംഗത്തുവന്നതിനെ ഭൂരിപക്ഷ അംഗങ്ങളും എതിർത്തിരുന്നു. പൊതുസഭയിൽനിന്നും രക്ഷാസമിതിയിൽനിന്നും മൂന്നുപേർ വീതം ഉൾപ്പെട്ട സമിതിയുണ്ടാക്കി ജഡ്ജിയെ അവർ തീരുമാനിക്കട്ടെയെന്നായിരുന്നു ബ്രിട്ടന്റെ നിലപാട്. ഈ സംയുക്ത സമിതി മുന്നോട്ടു വയ്ക്കുന്ന പേരു പിന്നീടു പൊതുസഭയും രക്ഷാസമിതിയും അംഗീകരിക്കണം. പല റൗണ്ട് വോട്ടെടുപ്പുകളിലും തീരുമാനമുണ്ടാകാത്ത സാഹചര്യമുണ്ടായാൽ, പൊതുസഭയിലെ വോട്ടെടുപ്പിൽ തുടർച്ചയായി മുന്നിട്ടുനിൽക്കുന്ന ആളെ തിരഞ്ഞെടുക്കുന്നതാണു കീഴ്‍വഴക്കം. അങ്ങനെയാണെങ്കിൽ ഇന്ത്യയുടെ ദൽവീർ ഭണ്ഡാരി ജയിക്കും. ഈ സാഹചര്യം ഒഴിവാക്കി നാണക്കേടിൽനിന്നു രക്ഷപ്പെടാനാണു ബ്രിട്ടൻ ശ്രമം നടത്തിയത്. പിന്നീട്, പല കോണുകളിൽനിന്ന് എതിർപ്പുയർന്നതിനെത്തുടർന്നു ഗ്രീൻവുഡ് പിന്മാറുകയായിരുന്നു.

രാജ്യാന്തര കോടതി

രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഗണിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയുടെ സംവിധാനമാണു രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ). ഹേഗാണ് ആസ്ഥാനം. കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച് ഇന്ത്യ – പാക്കിസ്ഥാൻ തർക്കം ഇപ്പോൾ കോടതിയുടെ പരിഗണനയിലുണ്ട്. വിവിധ യുഎൻ സമിതികൾക്കും ഏജൻസികൾക്കും അവർ ആവശ്യപ്പെടുമ്പോൾ കോടതി നിയമോപദേശം നൽകുന്നു. ആകെ 15 ജഡ്ജിമാർ. മൂന്നു വർഷത്തിലൊരിക്കൽ മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കും. അതേവർഷം തന്നെ തിരഞ്ഞെടുപ്പും നടത്തും. അതായത്, മൂന്നു വർഷം കൂടുമ്പോൾ പുതിയ അഞ്ചു ജഡ്ജിമാർ തിരഞ്ഞെടുക്കപ്പെടും. നിലവിലുള്ളവർക്കു വീണ്ടും മത്സരിക്കാം.