കൊച്ചിയിൽ നാവികസേനയുടെ ആളില്ലാ വിമാനം തകർന്നുവീണു; വൻ ദുരന്തം ഒഴിവായി

കൊച്ചിയിൽ തകർന്നുവീണ നാവികസേനയുടെ പൈലറ്റില്ലാ വിമാനം. ചിത്രം കടപ്പാട് എഎൻഐ

കൊച്ചി∙ നാവികസേനയുടെ ആളില്ലാ വിമാനം നിരീക്ഷണ പറക്കലിനിടെ വെല്ലിങ്ടൺ ഐലൻ‍ഡിൽ തകർന്നുവീണു. ഐലന്‍ഡിലെ സ്വകാര്യ ഇന്ധന സംഭരണശാലയിൽ രാവിലെ 10.25നാണ് വിമാനം തകര്‍ന്നുവീണത്. വിമാനം ഇടിച്ചുവീണ ടാങ്കിനുള്ളില്‍ ഇന്ധനമില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഇസ്രയേൽ നിർമിത വിമാനമാണു യന്ത്രത്തകരാർ മൂലം അപകടത്തിൽപെട്ടത്. വെല്ലിങ്ടൺ ഐലൻ‍ഡിലെ എച്ച്എച്ച്എ ഇന്ധന ടാങ്കിനു മുകളിലാണ് വിമാനം വീണത്. അപകടം സംബന്ധിച്ച് വിശദമായ പരിശോധന നടക്കുകയാണ്. ഉപരാഷ്ട്രപതി കൊച്ചിയില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് നടന്ന അപകടത്തിനു പിന്നിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. യന്ത്രത്തകരാറിനെത്തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.