കാടിനെ നശിപ്പിക്കുന്ന കൊങ്ങിണിച്ചെടി ‘ആന’യായി; കാണാം കൊച്ചിയിൽ

baby-elephant
SHARE

കൊച്ചി∙ വന്യജീവികളുടെ, പ്രത്യേകിച്ച് ആനകളുടെ സംരക്ഷണം ലക്ഷ്യമിട്ടു രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ദ് റിയല്‍ എലിഫന്റ് കലക്ടീവിന്റെ നേതൃത്വത്തിൽ കൊ–എക്സിസ്റ്റ് പ്രദർശനം കൊച്ചിയിൽ. വന്യജീവികളെ സംരക്ഷിക്കുകയെന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഫെബ്രുവരി ഏഴിന് ഫോർട്ട് കൊച്ചി സൗത്ത് ബീച്ചിലാണ് ആദ്യ പ്രദർശനം.തുടർന്ന് ബെംഗളൂരുവിലും ഡൽഹിയിലും പ്രദർശനമുണ്ടാകും.

കാട്ടു ചെടിയായ കൊങ്ങിണിയുടെ തണ്ടുകളിൽ തീർത്ത നൂറ്റൊന്ന് ആനകളാണ് പ്രദർശനത്തിലുണ്ടാകുക. 2020ൽ യുകെയിലെ വിക്ടോറിയ, ആൽബെർട്ട് മ്യൂസിയങ്ങളിലും ലണ്ടനിലെ റോയൽ പാർക്കുകളിലും ഇവ സ്ഥാനം പിടിക്കും. 2021 ൽ യുഎസിലുടനീളം കൂറ്റൻ ട്രക്കുകളിൽ ഇവ സഞ്ചരിച്ചു പ്രദർശനത്തിന് അവസരം കണ്ടെത്തും. തുടര്‍ന്ന് ഇവ ലേലത്തില്‍വച്ച് തുക രാജ്യത്തെ വന്യജീവിസംരക്ഷണത്തിനു നല്‍കാനാണ് തീരുമാനം. യുകെയിലും യുഎസിലും നിരവധി ധനസമാഹരണങ്ങള്‍ നടത്തി ശ്രദ്ധനേടിയ എലിഫന്റ് ഫാമിലിയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

lantana-elephant1

ബ്രിട്ടിഷ് കോളനികളില്‍നിന്നു ദക്ഷിണഅമേരിക്കയിലെത്തിയ കൊങ്ങിണിച്ചെടികൾ ഇന്നു ലോകമെമ്പാടുമുള്ള വനങ്ങളിൽ പടർന്നു കഴിഞ്ഞു. വിഷാംശമുള്ളതിനാൽ മൃഗങ്ങൾ ഇവയിൽനിന്ന് അകന്നു നിൽക്കുകയാണു പതിവ്. എന്നാൽ മറ്റു ചെടികളെ നശിപ്പിച്ച് ഇവ വനങ്ങൾക്കും മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയായി വളരുകയാണ്. ഇവയിൽ നിന്നു ഫർണിച്ചറും കരകൗശല വസ്തുക്കളും നിർമിക്കാനുള്ള വിദ്യ അശോക ട്രസ്റ്റ് ഫോർ റിസർച് ഇൻ ഇക്കോളജി ആൻഡ് എൻവയൺമെന്‍റ് രൂപകൽപന ചെയ്തതോടെ ഈ രംഗത്തെ ശ്രദ്ധേയമായ മുന്നേറ്റങ്ങൾക്കു തുടക്കം കുറിച്ചു. ഇതിന്റെ ചുവടുപിടിച്ചാണു കൊങ്ങിണിച്ചെടികളുടെ തണ്ടിൽനിന്ന് ആനകളെ നിർമിക്കുന്ന ബൃഹത്തായ പദ്ധതി ഒരുങ്ങിയത്.

lantana-elephant2

പനിയ, ബേട്ടക്കുറുമ്പ, സോലിഗ സമുദായങ്ങളിൽപ്പെട്ട 70 ആദിവാസി കലാകാരൻമാരാണ് ആനകളുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കാട്ടാനകളെക്കുറിച്ചുള്ള സമഗ്രമായ അറിവും തങ്ങളുടെ കലാപരമായ മേൻമയും സംയോജിപ്പിച്ചാണ് ഇവർ ആനകൾക്കു രൂപം നൽകുന്നത്. ദക്ഷിണേന്ത്യയിൽനിന്നുള്ള ആനകളെ അധികരിച്ചാണ് ഓരോ ആനയുടെയും രൂപകൽപന. ജനങ്ങളുമൊത്തുള്ള ആനകളുടെ സഹവാസത്തിന്‍റെ കഥ കൂടിയാണ് ഇവ പറയുന്നത്. ആനകളെ വ്യക്തിപരമായി തിരിച്ചറിഞ്ഞ്, തിരക്കേറിയ ലോകത്ത് ഓരോ ആനയും ഏതു രീതിയിലാണു പെരുമാറുന്നതെന്നു മനസ്സിലാക്കിക്കൂടിയാണ് കൊങ്ങിണിത്തണ്ടിലെ കലാരൂപമായി ഇവ രൂപാന്തരം പ്രാപിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA