ഐഎസിന് ഇന്ത്യയിലെ യുവാക്കളെ സ്വാധീനിക്കാൻ കഴിയില്ല: രാജ്നാഥ്

വാരാണസി∙ കശ്മീർ താഴ്‌വരയിൽ ഐഎസ് സ്വാധീനം ഉണ്ടെന്ന റിപ്പോർട്ടുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തള്ളി. ഇന്ത്യൻ മുസ്‌ലിംകൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല. ഐഎസ് പോലുള്ള ഭീകരവാദ സംഘടനകൾക്ക് ഇന്ത്യയിലെ യുവാക്കളെ സ്വാധീനിക്കാൻ സാധിക്കില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇസ്‍ലാമിൽ വിശ്വസിക്കുന്ന ഒരു ഇന്ത്യക്കാരനും രാജ്യത്ത് ഭീകരവാദം പ്രോത്സാഹിപ്പിക്കാൻ അവസരം ഒരുക്കില്ല. താഴ്‌വരയിലെ ഐഎസ് ബന്ധം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം കേന്ദ്രത്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ 17ന് ശ്രീനഗറിൽ സുരക്ഷാ സേനയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ ഭീകരവാദ സംഘടനയായ ഐഎസിന് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം അക്രമികൾ വികൃതമാക്കി. മൃതദേഹത്തിനു സമീപത്ത് നിന്ന് നിരോധിത തീവ്രവാദ സംഘടനയുടെ പതാകയും കണ്ടെത്തിയിരുന്നു. കൂടാതെ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ അഭിനന്ദിച്ച്് ഐഎസ് ന്യൂസ് ഏജൻസിയായ അമാഖിലൂടെ ആക്രമണത്തിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചു. സംഭവത്തെ പറ്റി സുരക്ഷാസേന സമഗ്ര അന്വേഷണം നടത്തി വരികയാണെന്നും രാജ്നാഥ് സിങ് അറിയിച്ചു.