Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡങ്കിപ്പനി ബാധിച്ച് ഏഴുവയസ്സുകാരി മരിച്ചു; ആശുപത്രി ബിൽ 18 ലക്ഷം!

Injection

ന്യൂ‍ഡൽഹി∙ ഡങ്കിപ്പനി ബാധിച്ച് ഏഴുവയസ്സുകാരി മരിച്ചതിനു പിന്നാലെ വീട്ടുകാർക്കു ഭീമമായ ബിൽ നൽകി ഡൽഹിയിലെ ആശുപത്രി. 15 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) കിടന്ന ശേഷമാണു പെൺകുട്ടി മരിച്ചത്. 18 ലക്ഷം രൂപയുടെ ബില്ലാണ് ആശുപത്രി അധികൃതർ വീട്ടുകാർക്കു നൽകിയത്.

ഹരിയാനയിലെ ഗുരുഗ്രാം ഫോർട്ടിസ് ആശുപത്രിയിലാണു സംഭവം. ആദ്യ സിങ് എന്ന പെൺകുട്ടിയാണു മരിച്ചത്. ‌ഡോപ്ഫ്ലോട്ട് എന്ന ട്വിറ്റർ ഉപയോക്താവാണ് ആശുപത്രിയുടെ നടപടി പുറത്തുകൊണ്ടുവന്നത്. കുറിപ്പ് ട്വിറ്ററിൽ വൈറലായതോടെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ വിഷയത്തിൽ ഇടപെട്ടു. തന്റെ സഹപാഠിയുടെ മകളാണു മരിച്ചതെന്നു പറഞ്ഞ ഡോപ്ഫ്ലോട്ട്, കുട്ടിയെ പരിചരിക്കാൻ 2700 കയ്യുറകൾ ഉപയോഗിച്ചതിനു ബില്ലിൽ പണമീടാക്കിയ കാര്യം എടുത്തു പറയുന്നുണ്ട്.

Hospital Bill ആശുപത്രി ബില്‍

കുട്ടി രക്ഷപ്പെടില്ലെന്നു ഡോക്ടർമാർക്ക് അറിയാമായിരുന്നെന്നു പിതാവ് ജയന്ത് സിങ് പറഞ്ഞു. ഐസിയുവിൽ കുറേ ദിവസം കുട്ടിയെ കിടത്തി. മസ്തിഷ്കത്തിലെ കോശങ്ങൾ നശിച്ചെന്നു ബോധ്യമായിട്ടും പരിശോധിക്കാൻപോലും ഡോക്ടർമാർ തയാറായില്ല. തന്റെ നിർബന്ധത്തിലാണു പിന്നീട് ആശുപത്രി അധികൃതർ എംആര്‍ഐ പരിശോധന നടത്തിയത്. 80 ശതമാനത്തോളം മസ്തിഷ്കം നശിച്ചിരുന്നുവെന്ന് അതിൽനിന്നു വ്യക്തമാണെന്നും പിതാവ് പറഞ്ഞു.

കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് പോലും ആശുപത്രി വിട്ടുതന്നില്ലെന്നും പിതാവു കുറ്റപ്പെടുത്തി. മരണ സർട്ടിഫിക്കറ്റും നൽകിയില്ല. ആദ്യം റോക്‌ലാൻഡ് ആശുപത്രിയിലാണു കുട്ടിയെ അഡ്മിറ്റ് ചെയ്തത്. പിന്നീടാണ് ഫോർട്ടിസിലേക്കു മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മെഡിക്കൽ പ്രൊട്ടോക്കോളും അനുസരിച്ചാണു കുട്ടിയെ പരിശോധിച്ചതെന്നു അവകാശപ്പെട്ടു ഫോർട്ടിസ് ആശുപത്രി അധികൃതർ പ്രസ്താവനയിറക്കി.

ഗുരുതരമായ ഡെങ്കിപ്പനി ബാധിച്ച പെൺകുട്ടിക്കു പിന്നീടു ഡെങ്കി ഷോക്ക് സിൻഡ്രോമും ബാധിച്ചു. ഐവി ഫ്ലൂയിഡുകളും മറ്റു ജീവൻരക്ഷാ ഉപകരണങ്ങളും വഴിയാണു ജീവൻ നിലനിർത്തിയിരുന്നത്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് അകാരണമായി കുറഞ്ഞതാണു കുട്ടി മരിക്കാൻ കാരണമെന്നും ആശുപത്രിയുടെ വിശദീകരണക്കുറിപ്പിൽ പറയുന്നു.