ദിലീപിന്റെ ക്വട്ടേഷൻ നാലുവർഷം വൈകി; കാരണങ്ങൾ എണ്ണിപ്പറഞ്ഞ് കുറ്റപത്രം

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിയാക്കി സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിനു ശേഷം നടിയെ മോശക്കാരിയാക്കാൻ മാധ്യമങ്ങളിലൂടെ ശ്രമിച്ച ദിലീപ്, തന്നെ ന്യായീകരിക്കാൻ സിനിമാപ്രവർത്തകരെ ഉപയോഗിച്ചു. ആക്രമണത്തിനുശേഷം പൾസർ സുനിയും വിജേഷും ‘ലക്ഷ്യ’യിലെത്തിയത് കാവ്യാ മാധവന്റെ സഹോദരഭാര്യ അറിഞ്ഞെങ്കിലും മറച്ചുവച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

‘അമ്മ’യുടെ 2013ലെ താരനിശയിൽ ഉണ്ടായ വാക്കേറ്റത്തിനു ശേഷമാണു നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തത്. എന്നാൽ നാലുവർഷം ഈ ആക്രമണം വൈകി. ഇതിന്റെ കാരണങ്ങളും കുറ്റപത്രത്തിലുണ്ട്. 2013ലും 2014ലും പൾസർ സുനിക്കെതിരെ മറ്റ് രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തു. ഇതോടെ പൾസർ സുനി ഒളിവിൽ പോയി. 2015 ജൂലൈ 20ന് കോലഞ്ചേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. സെപ്റ്റംബറിൽ പുറത്തിറങ്ങിയ ശേഷം നടിയെ ആക്രമിക്കാൻ പദ്ധതിയിട്ടു. നടിയുടെ അച്ഛൻ ഷൂട്ടിങ് ലൊക്കേഷനുകളിൽ ഒപ്പമുണ്ടായിരുന്നതിനാൽ പദ്ധതി നടന്നില്ല.

നടിയുടെ അച്ഛന്റെ മരണശേഷം ക്വട്ടേഷൻ നടപ്പാക്കാൻ സുനി തീവ്രശ്രമം തുടങ്ങി. ഇതാണ് പിന്നീട് നടപ്പായത്. ആക്രമണത്തിനു ശേഷവും നടിക്കെതിരെ പ്രതികാര മനോഭാവത്തോടെയാണു ദിലീപ് പെരുമാറിയത്. സിനിമയിലെ സ്വാധീനമുപയോഗിച്ചു താൻ നിരപരാധിയാണെന്നും നടി ജാഗ്രത പാലിക്കണമായിരുന്നെന്നും പ്രമുഖരെക്കൊണ്ടു പറയിച്ചു. ഇങ്ങനെ നടിക്കു മനോവിഷമമുണ്ടാക്കുന്ന പ്രവൃത്തികൾ ചെയ്തു.

ആക്രമണത്തിനുശേഷം പൾസർ സുനിയും വിജേഷും കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ എത്തിയിരുന്നു. ഇവിടത്തെ ജീവക്കാരനായ സാഗർ ഇക്കാര്യം കാവ്യയുടെ സഹോദര ഭാര്യ റിയയെ അറിയിച്ചു. എന്നാലിതു മറച്ചു വയ്ക്കാനായിരുന്നു റിയയുടെ നിർദേശം. ദിലീപിന്റെ സ്വാധീനം മൂലം നടി പരാതിപ്പെടുകയില്ലെന്നാണു സുനിയും സംഘവും ധരിച്ചിരുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു.

കുറ്റപത്രം കോടതി പരിശോധിക്കും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിശോധിക്കും. പരിശോധന പൂര്‍ത്തിയാക്കി കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്കു നല്‍കിയേക്കും. ദിലീപ്–കാവ്യ ബന്ധത്തിന്റെ തെളിവ് മഞ്ജു വാരിയര്‍ക്കു നല്‍കിയതാണു യുവനടിയോടുള്ള വൈരാഗ്യത്തിനു കാരണമെന്നു കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

നടിയോടു ദിലീപിനു വൈരാഗ്യമുണ്ടായ സാഹചര്യങ്ങളും ആക്രമിക്കാൻ നടനും സുനിയും ചേർന്നു നടത്തിയ ഗൂഢാലോചനയുമാണു കുറ്റപത്രത്തിൽ പ്രധാനമായും പറയുന്നത്. ദിലീപും കാവ്യയും തമ്മിലുള്ള ഫോൺ സംഭാഷണം മഞ്ജു വാരിയര്‍ക്കു നല്‍കിയതാണു വൈരാഗ്യത്തിനു കാരണം. ഇക്കാര്യം പറഞ്ഞ് നടൻ സിദ്ദിഖിന്റെ സാന്നിധ്യത്തിൽ അമ്മ താരനിശയിൽവച്ച് ദിലീപ് നടിയെ ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ പൾസർ സുനിക്കു ക്വട്ടേഷൻ നൽകി.

സിനിമയെ വെല്ലുന്ന വഴിത്തിരിവുകൾ

ഒരു ആക‌്ഷൻ സിനിമയെ വെല്ലുന്ന വഴിത്തിരിവുകളാണ്, സിനിമാ മേഖലയെ പിടിച്ചുലയ്ക്കുകയും മുൻനിര നടൻ പ്രതിയാവുകയും ചെയ്ത കേസിനുള്ളത്. ഒരു സംഘം ഗുണ്ടകളിൽ അവസാനിക്കുമായിരുന്ന കേസ് ഗൂഢാലോചനയിലേക്കും വിഐപി പ്രതിയിലേക്കും എത്തിച്ചതു കൃത്യമായ ഇടവേളകളിലുണ്ടായ ഈ വഴിത്തിരിവുകളാണ്.

ഫെബ്രുവരി 17നു നടി ഉപദ്രവിക്കപ്പെട്ട കേസിൽ ഒരു പ്രതി അന്നുതന്നെ പിടിയിലാവുകയും മുഖ്യപ്രതി സുനിൽകുമാർ ആറാം ദിവസം പിടിയിലാവുകയും ചെയ്തു. കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട ആറുപേരും ഒരാഴ്ചയ്ക്കകം അകത്താവുകയും ഏപ്രിൽ 18നു പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതോടെ ഒരുപക്ഷേ, അവിടം കൊണ്ടു തീരേണ്ടതായിരുന്നു കേസ്.

ഗൂഢാലോചന അന്വേഷിക്കേണ്ടതുണ്ടെന്നു പൊലീസ് കോടതിയെ അറിയിക്കുകയും ദിലീപിന്റെ പേര് ഇടയ്ക്കിടെ ഉയർന്നുകേൾക്കുകയും ചെയ്തെങ്കിലും വഴിത്തിരിവിനായി പൊലീസിനു കാത്തിരിക്കേണ്ടി വന്നു.

സുനിലിന്റെ കത്തും വിളിയും

ക്വട്ടേഷൻ നൽകിയതു ദിലീപ് എന്നു സൂചിപ്പിക്കുന്ന തരത്തിൽ പ്രതി സുനിൽകുമാർ സഹതടവുകാരനെക്കൊണ്ട് എഴുതിച്ച കത്ത് വാട്സാപ്പിലൂടെ ദിലീപിന്റെ പക്കലെത്തി. പിന്നീടു പൊലീസിനും ലഭിച്ചു. കേസിലേക്കു ദിലീപിനെ ബന്ധിപ്പിക്കാനുള്ള ഒരു തുമ്പ് അന്വേഷണ സംഘത്തിനു വീണുകിട്ടിയെന്നു പറയാം. സഹായി അപ്പുണ്ണിയുടെ ഫോണിലേക്കു പണം ആവശ്യപ്പെട്ടുള്ള സുനിൽകുമാറിന്റെ ഫോൺവിളി ദിലീപിലേക്ക് എത്താൻ പൊലീസിനു വഴിതുറന്നു. കോടതിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസുകാരന്റെ ഫോണിൽനിന്നു സുനിൽകുമാർ ദിലീപിന്റെ ഫോണിലേക്കു വിളിച്ചതും പൊലീസിനു സഹായകമായി.

തിരിച്ചടിച്ച പരാതി

തനിക്കു ബന്ധമില്ലാത്ത സംഭവത്തിൽ സുനിൽകുമാ‍ർ പണം ആവശ്യപ്പെട്ടു ബ്ലാക്മെയിൽ ചെയ്യുന്നതായി കാണിച്ച് ഏപ്രിൽ 20നു ദിലീപ് ഡിജിപിക്കു പരാതി നൽകി. തെളിവായി വാട്സാപ്പിൽ ലഭിച്ച കത്തും ഫോൺ വിളിയുടെ ശബ്ദരേഖയും നൽകി. എന്നാൽ, ദിലീപിന്റെ പരാതിയിൽ വസ്തുതയില്ലെന്നു പൊലീസ് കണ്ടെത്തി. ദിലീപിനെയും സുനിൽകുമാറിനെയും ബന്ധപ്പെടുത്തിയുള്ള അന്വേഷണത്തിനു പരാതി കാരണമായി മാറുകയും ചെയ്തു. സുനിൽകുമാറിനു വേണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതിയിൽ പറഞ്ഞ സഹതടവുകാരൻ വിഷ്ണുവിനെ പൊലീസ് പിടികൂടിയപ്പോൾ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടായി.

സംസാരിക്കുന്ന ചിത്രങ്ങൾ

സുനിൽകുമാറുമായി ഒരു ബന്ധവുമില്ലെന്നു ദിലീപ് ആവർത്തിക്കുമ്പോഴാണ് ഇരുവരും ഒരുമിച്ചു തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിൽക്കുന്ന ചിത്രം പുറത്തായത്. ജൂൺ അവസാനം പൊലീസിനു ലഭിച്ച ചിത്രങ്ങൾ ഒടുവിൽ ദിലീപ് അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രത്തിന്റെ ലൊക്കേഷനിലേതായിരുന്നു. ബന്ധപ്പെട്ടവരെ ചോദ്യംചെയ്തതിൽനിന്നു കാര്യങ്ങൾ വ്യക്തമായി.

ഗൂഢാലോചനാ സിദ്ധാന്തം

നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നുവെന്ന ആദ്യ പരസ്യപ്രതികരണം വന്നതു ദിലീപിന്റെ മുൻഭാര്യ കൂടിയായ മഞ്ജു വാരിയരിൽ നിന്നാണ്. ഗൂഢാലോചനയ്ക്കു പിന്നിലെ കാരണങ്ങൾ തേടി ദിലീപിന്റെ കുടുംബ ജീവിതത്തിലേക്കു പൊലീസ് എത്തിയതിന് ഇതും ഒരു കാരണമായി.

ഉത്തരങ്ങളിലെ പൊരുത്തക്കേടുകൾ

ജൂൺ 28ന് ആലുവ പൊലീസ് ക്ലബ്ബിലെ 13 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിൽ ദിലീപ് നൽകിയ ഉത്തരങ്ങളിലെ പൊരുത്തക്കേടുകൾ പൊലീസിനു പിടിവള്ളിയായി. നാദിർഷ ഉൾപ്പെടെ ദിലീപിന്റെ പല സുഹൃത്തുക്കളും ചോദ്യംചെയ്യലിനു വിധേയരായി. അങ്ങനെ ജൂലൈ 10നു നിർണായകമായ അറസ്റ്റ്.