കാണാതായ 500 കുരുന്നുകളെ ആധാർ മുഖേന കണ്ടെത്തി: യുഐഡിഎഐ

ന്യൂഡൽഹി∙ ഇന്ത്യയിൽ കാണാതായ 500 കുട്ടികളെ ആധാർ മുഖേന കണ്ടെത്താനായെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). കുട്ടികളെ രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നാണ് കാണാതായത്. പക്ഷേ ആധാറിന്റെ സഹായത്തോടെ ഇവരെ വേഗത്തിൽ കണ്ടെത്താനായെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു. കാണാതായ കുട്ടികൾക്ക് ആധാർ കാർഡുണ്ടെങ്കിൽ ബയോമെട്രിക് നമ്പർ ഉപയോഗിച്ച് ഏതെങ്കിലും അനാഥാലയത്തിൽ കുട്ടിയുണ്ടോയെന്ന് കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

ലോകത്തിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2011 ലെ സെൻസസ് പ്രകാരം രാജ്യത്തെ 40 ശതമാനവും 18 വയസിൽ താഴെയുള്ളവരാണ്. 2013 മുതൽ 2015 വരെയുള്ള കാലയളവിൽ 84 ശതമാനം കുഞ്ഞുങ്ങളെയാണ് കാണാതായത്. സര്‍ക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത് ശരാശരി 180 കുട്ടികളെങ്കിലും ഒരു ദിവസം ഇന്ത്യയിൽ കാണാതാവുന്നുണ്ട്.

മാത്രമല്ല ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുകളുമായും വിവിധ സർക്കാർ രേഖകളുമായും ബന്ധിക്കുമ്പോൾ രാജ്യത്ത് പ്രതിവർഷം പത്ത് ബില്യൺ ഡോളറിന്റെ ലാഭമുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.