യുഎസ് തിരഞ്ഞെടുപ്പു വിവാദം: അന്വേഷണത്തോട് സഹകരിക്കും; മൈക്കൽഫ്ലിൻ

വാഷിങ്ടൻ ∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റഷ്യൻ ബന്ധം സംബന്ധിച്ച അന്വേഷണവുമായി വൈറ്റ് ഹൗസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിൻ സഹകരിക്കുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ നടന്നതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ റോബർട്ട് മുള്ളറുമായി സഹകരിക്കുന്നതിന്റെ സൂചനകളാണ് ഫ്ലിൻ നൽകുന്നത്.

റോബർട്ട് മുള്ളറുടെ അന്വേഷണം സംബന്ധിച്ച് ട്രംപിന്റെ സംഘവും മൈക്കൽ ഫ്ലിനിന്റെ അഭിഭാഷകരും തമ്മില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ ചർച്ചകളൊന്നും നടന്നിട്ടില്ല. ഇത് മൈക്കൽ ഫ്ലിൻ അന്വേഷണവുമായി സഹകരിക്കുന്നതിന്റെ സൂചനയാണെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ റോബർട്ട് മുള്ളറുടെ പങ്ക് അന്വഷിക്കണമെന്ന് മൈക്കൽ ഫ്ലിൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഫ്ലിനിന്റെ ഈ ആവശ്യം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതായും ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പുറത്ത് വന്ന് മൂന്നാഴ്ചയ്ക്കകം തന്നെ വൈറ്റ് ഹൗസ് സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് മൈക്കൽ ഫ്ലിൻ നിർബന്ധിത രാജി നൽകുകയായിരുന്നു.