വെടിവയ്പില്ല; ലണ്ടൻ ഓക്സ്ഫഡ് സർക്കസ് സ്റ്റേഷനിൽ ഗതാഗതം പുനഃസ്ഥാപിച്ചു

ഓക്സ്ഫഡ് സർക്കസ് സ്റ്റേഷനിൽ സുരക്ഷാസംഘം എത്തിയപ്പോൾ. ചിത്രം: റോയിട്ടേഴ്സ്

ലണ്ടൻ∙ വെടിവയ്പു നടന്നിട്ടില്ല, സംശയാസ്പദമായ സാഹചര്യത്തിൽ ആരെയും കണ്ടെത്തിയിട്ടില്ല, ആർക്കും കാര്യമായ പരുക്കും ഏറ്റിട്ടില്ല– ഈ നിഗമനങ്ങളോടെ ലണ്ടൻ ഓക്സ്ഫഡ് സ്ട്രീറ്റിലെ തിരച്ചിൽ പൊലീസ് അവസാനിപ്പിച്ചു. ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ്ങിനിടെ ഉണ്ടായ സുരക്ഷാപരിശോധന ജനങ്ങളെ പരിഭ്രാന്തരാക്കിയെങ്കിലും വൈകാതെ തന്നെ പൊലീസ് മേഖല സുരക്ഷിതമാണെന്നു പ്രഖ്യാപിക്കുകയായിരുന്നു.

ഓക്സ്ഫഡ് സർക്കസ്, ബോണ്ട് സ്ട്രീറ്റ് റയിൽവേ സ്റ്റേഷനുകളിൽ നിർത്തിവച്ചിരുന്ന ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഭൂഗർഭ സ്റ്റേഷനിലുണ്ടായ തിരക്കിൽപ്പെട്ട് ഒരു വനിതയ്ക്ക് ചെറിയ പരുക്കുണ്ടെന്ന് ബ്രിട്ടിഷ് ട്രാൻസ്പോർട് പൊലീസ് അറിയിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഓക്സ്ഫഡ് സർക്കസ് സ്റ്റേഷനിൽ വെടിവയ്പെന്ന അറിയിപ്പിനെത്തുടർന്ന് വൻ പൊലീസ് സന്നാഹമാണ് കുതിച്ചെത്തിയത്. എമർജൻസി സംവിധാനങ്ങളും ഒരുക്കി.

ആദ്യഘട്ടത്തിൽ ഭീകരാക്രമണമാണോയെന്ന് സ്ഥിരീകരിക്കാനായില്ല. എന്നാൽ ഭീകരാക്രമണത്തോടെന്ന പോലെയാണ് സംഭവത്തോടു പൊലീസ് പ്രതികരിച്ചതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും പൊലീസ് നിർദേശിച്ചു. ഓക്സ്ഫഡ് സർക്കസ് റെയിൽവേ സ്റ്റേഷനിലേക്ക് വരരുതെന്നും നിർദേശമുണ്ടായിരുന്നു. ഈ സ്റ്റേഷനിലും സമീപത്തെ ബോണ്ട് സ്ട്രീറ്റ് സ്റ്റേഷനിലും ട്രെയിനുകൾ നിർത്തിയില്ല. ഓക്സ്ഫഡ് സ്ട്രീറ്റ് പരിസരത്തുള്ളവരോടെല്ലാം ഏതെങ്കിലും കെട്ടിടത്തിൽ അഭയം പ്രാപിക്കാനും നിർദേശം നൽകി. 

‘ബ്ലാക്ക് ഫ്രൈഡേ’ ഷോപ്പിങ്ങിനോടനുബന്ധിച്ച് വൻതിരക്കായിരുന്നു സ്ട്രീറ്റിലും സ്റ്റേഷനിലും അനുഭവപ്പെട്ടിരുന്നത്. ആയിരക്കണക്കിനു പേർ ഷോപ്പിങ്ങിന് എത്തിയിരുന്നു. വെടിവയ്പുണ്ടായതിനു പിന്നാലെ മേഖലയിൽ നിന്ന് ജനങ്ങളെയെല്ലാം പൊലീസ് ഒഴിപ്പിച്ചു. എന്നാൽ നിലവിൽ ഭയപ്പെടാനുള്ള സാഹചര്യം നിലവിലില്ലെന്നു പൊലീസ് അറിയിച്ചിട്ടുണ്ട്.