ഉത്തർപ്രദേശിൽ പട്ന എക്സ്പ്രസ് പാളംതെറ്റി; മൂന്നു മരണം, എട്ടു പേർക്കു പരുക്ക്

വാസ്കോഡ ഗാമ – പട്ന എക്സ്പ്രസ് പാളം തെറ്റിയപ്പോൾ. ചിത്രം: എഎൻഐ, ട്വിറ്റർ

ലക്നൗ∙ ഉത്തർപ്രദേശിൽ വാസ്കോഡ ഗാമ – പട്ന എക്സ്പ്രസ് പാളം തെറ്റി. മൂന്നു പേർ മരിച്ചു. എട്ടുപേർക്കു പരുക്കേറ്റു. പുലർച്ചെ 4.18നാണു സംഭവം. ഗോവയിൽനിന്നു പട്നയിലേക്കു പോകുന്ന ട്രെയിനിന്റെ 13 കോച്ചുകളാണു പാളം തെറ്റിയത്. യുപിയിലെ ചിത്രക്കൂട്ടിനു സമീപം മണിക്പുർ റെയിൽവേ സ്റ്റേഷനു സമീപമാണു പാളം തെറ്റിയത്. ബിഹാറിലെ ബേട്ടിയയിൽനിന്നുള്ള ദീപക് പട്ടേൽ, പിതാവ് റാം സ്വരൂപ് എന്നിവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിൽ വച്ചാണു മരിച്ചത്.

എസ് 3, എസ് 4, എസ് 5, എസ് 6, എസ് 7, എസ് 8, എസ് 9, എസ് 10, എസ് 11, അധികമുള്ള രണ്ട് സ്ലീപ്പർ കോച്ചുകൾ, രണ്ട് ജനറൽ കോച്ചുകൾ എന്നിവയാണു പാളം തെറ്റിയത്. ബാക്കിയുള്ള യാത്രക്കാരുമായി പട്നയിലേക്കുള്ള ട്രെയിൻ 7.25ന് മണിക്പുരിൽനിന്നു പറപ്പെട്ടെന്ന് നോർത്ത് സെന്‍ട്രൽ റെയിൽവേ വക്താവ് അമിത് മാളവ്യ അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവർക്ക് ഒരു ലക്ഷവും പരുക്കേറ്റവർക്ക് 50,000 രൂപയും റെയിൽവേ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാരും രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.