വീണ്ടും ഗോൾമഴ; ഡൽഹി ഡൈനാമോസിനെ 4–1ന് വീഴ്ത്തി ബെംഗളൂരു ഒന്നാമത്

ബെംഗളൂരു ∙ കടുത്ത ഗോള്‍വരച്ച നേരിട്ടുവന്ന ഐഎസ്എൽ നാലാം സീസണിന് ഗോൾ മഴ സമ്മാനിച്ച് പുണെ സിറ്റി എഫ്സിക്കു പിന്നാലെ ബെംഗളൂരു എഫ്സിയും. ഇന്നു നടന്ന രണ്ടാം മൽസരത്തിൽ കരുത്തരായ ഡൽഹി ഡൈനാമോസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബെംഗളൂരു വീഴ്ത്തിയത്. ഓസ്ട്രേലിയൻ താരം എറിക് പാർട്ടലു ഇരട്ടഗോൾ നേടിയ മൽസരത്തിൽ ലെനി റോഡ്രിഗസ്, വെനസ്വേല താരം മിക്കു എന്നിവരാണ് ബെംഗളൂരുവിന്റെ ഗോൾപട്ടിക പൂർത്തിയാക്കിയത്. ഡൽഹിയുടെ ആശ്വാസ ഗോൾ പെനൽറ്റിയിലൂടെ കാലു ഉച്ചെ (86) നേടി.

തുടർച്ചയായ രണ്ടാം വിജയത്തോടെ രണ്ടു മൽസരങ്ങളിൽനിന്ന് ആറു പോയിന്റുമായി ബെംഗളൂരു ഒന്നാം സ്ഥാനത്തേക്കു കയറി. ആദ്യ മൽസരത്തിൽ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു തോൽപ്പിച്ചത്. രണ്ടാം മൽസരത്തിൽ തോൽവിയേറ്റു വാങ്ങിയ ഡൽഹി രണ്ട് മൽസരങ്ങളിൽനിന്ന് മൂന്നു പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പതിച്ചു. ആദ്യ മൽസരത്തിൽ പുണെ സിറ്റി എഫ്സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഡൽഹി തോൽപ്പിച്ചത്.