സംഭാവനയുടെ ഉറവിടം വെളിപ്പെടുത്തിയില്ല; എഎപിക്ക് ആദായനികുതി നോട്ടിസ്

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു ഫണ്ടിലേക്കു സംഭാവന ലഭിച്ച പണത്തിന്റെ ഉറവിടം വെളിപ്പെടുത്താത്ത ആം ആദ്മി പാർട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടിസ്. ഉറവിടം വെളിപ്പെടുത്താൻ ഇതുവരെ 34 അവസരങ്ങളാണു പാർട്ടിക്കു നൽകിയത്. എന്നാൽ അന്വേഷണത്തെ വഴി തിരിച്ചുവിടുകയും ആരോപണങ്ങൾ ഉന്നയിക്കുകയുമായിരുന്നു എഎപി നേതാക്കളെന്ന് ആദായനികുതി വകുപ്പ് ആരോപിച്ചു.

എഎപി രൂപീകരിച്ച് അഞ്ചു വർഷം പൂർത്തികരിച്ചതിന്റെ വാർഷികം മോടിയോടെ നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് ആധായ നികുതി വകുപ്പിന്റെ നോട്ടിസ്. 2015ലെ തിര‍ഞ്ഞെടുപ്പു സമയത്ത് വിദേശത്തുനിന്നു ലഭിച്ച 13 കോടി രൂപയെക്കുറിച്ച് തെളിവുകൾ നൽകാൻ പാർട്ടിക്കു സാധിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു. കൂടാതെ ആറു കോടിയിലധികം രൂപ സംഭാവന നല്‍കിയ 461 പേരെക്കുറിച്ചുള്ള വിവരങ്ങളും എഎപി വെളിപ്പെടുത്തിയിട്ടില്ല. 2014ൽ ലഭിച്ച സംഭാവനകളിലും അക്കൗണ്ടുകളിലുമുള്ള വൈരുദ്ധ്യത്തെക്കുറിച്ച് ആദായനികുതി വകുപ്പ് ഈവർഷമാദ്യം ചോദ്യങ്ങളുന്നയിച്ചിരുന്നു.

അതേസമയം, തങ്ങളുടെ അഴിമതി വിരുദ്ധ മുഖം തകർക്കാനുള്ള ശ്രമമാണു കേന്ദ്രത്തിന്റേതെന്ന് അരവിന്ദ് കേജ്‌രിവാള്‍ ആരോപിച്ചു.