മണി കയ്യേറ്റക്കാരുടെ മിശിഹ, പണം വാങ്ങിയത് ആരെന്നും അറിയാം: ശിവരാമൻ

എം.എം. മണി, കെ.കെ. ശിവരാമൻ

തൊടുപുഴ∙ മന്ത്രി എം.എം. മണി കയ്യേറ്റക്കാരുടെ മിശിഹയാണെന്നു സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയതിനു സിപിഐക്കു പ്രതിഫലം കിട്ടിയെന്ന മണിയുടെ ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ്. മണിയുടേതു നെറികെട്ട ആരോപണമാണ്. കാശ് വാങ്ങി സിപിഐ ആർക്കും ഒന്നും ചെയ്തു നൽകാറില്ല. കൊടുക്കൽ – വാങ്ങൽ നടത്തുന്നതാണു രാഷ്ട്രീയമെന്നു സിപിഐ കരുതുന്നില്ല.

ജോയ്സ് ജോർജ് കയ്യേറ്റക്കാരനാണെന്നു സിപിഐ പറഞ്ഞിട്ടില്ല. സിപിഎം ആരിൽ നിന്നൊക്കെ പണം വാങ്ങിയെന്നു അറിയാം. പേരു പറയാൻ നിർബന്ധിക്കരുതെന്നും ശിവരാമൻ പറഞ്ഞു. ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയതിനു പ്രതിഫലം കിട്ടിയിട്ടുണ്ടോയെന്നു സിപിഐ ജില്ലാ നേതൃത്വം വിശദീകരിക്കണമെന്നാണ് എം.എം. മണി കഴിഞ്ഞദിവസം പറഞ്ഞിരുന്നത്.

മണി ഞായറാഴ്ച കട്ടപ്പനയിൽ പറഞ്ഞത്:

ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയതിനു പ്രതിഫലം കിട്ടിയിട്ടുണ്ടോയെന്നു സിപിഐ ജില്ലാ നേതൃത്വം വിശദീകരിക്കണം. കോൺഗ്രസിനെ സഹായിക്കാനാണു എംപിയുടെ പട്ടയം റദ്ദാക്കിയത്. ഇതു സിപിഐ മനപൂർവം ചെയ്തതാണ്. ശിവരാമനല്ല, (സിപിഐ ജില്ലാ െസക്രട്ടറി) ഏതു രാമൻ വന്നാലും നമ്മൾ ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത സിപിഎം കട്ടപ്പന ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനച്ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസംഗം. ഈ സമയത്തു പിണറായി വിജയൻ വേദി വിട്ടു പോയിരുന്നു.