കോടതി വിധി അംഗീകരിക്കുന്നു; ഹാദിയ തടങ്കലിലായിരുന്നില്ല: അശോകൻ

ഹാദിയയുടെ പിതാവ് അശോകൻ

ന്യൂഡൽഹി∙ ഹാദിയയെ വീട്ടു തടങ്കലിൽ പാർപ്പിച്ചിട്ടില്ലന്നു പിതാവ് അശോകൻ. സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുന്നു. ഷെഫിൻ ജഹാനു ഹാദിയയെ കാണാനാകില്ല. ഭർത്താവാണെന്നു കോടതി അംഗീകരിച്ചിട്ടില്ലെന്നും പിതാവ് കൂട്ടിച്ചേർത്തു. വിധിയിൽ സന്തോഷമുണ്ട്. ശക്തമായ ഇരുമ്പുകവചമാണ് ഹാദിയയ്ക്കു നൽകിയിരിക്കുന്നത്. പോകുന്നവർക്കൊന്നും കാണാൻ അനുവാദമില്ലെന്നും പിതാവ് വ്യക്തമാക്കി.

അതിനിടെ, ഹാദിയയുടെ മാതാപിതാക്കൾ കേരള ഹൗസിൽനിന്നു വിമാനത്താവളത്തിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് 2.35നുള്ള വിമാനത്തിൽ ഇരുവരും കൊച്ചിക്കു തിരിക്കും.

ഹാദിയയെ ഷെഫിൻ കാണാൻ പോയാൽ പ്രതിരോധിക്കും. ഹാദിയയുടെ ജീവനാണ് വലുത്. ഇപ്പോഴത്തേത് തന്റെ വിജയം. അച്ഛനെന്ന നിലയ്ക്കു താൻ സേലത്തുപോയി ഹാദിയയെ കാണുമെന്നും അശോകൻ കൂട്ടിച്ചേർത്തു. കൂടെ പഠിച്ചവരാണ് ഹാദിയയെ ചതിച്ചതെന്ന് അമ്മ വ്യക്തമാക്കി. ഈ ചതി ഒരിക്കലും പ്രതീക്ഷിച്ചതല്ല. തീവ്രവാദിയെക്കൊണ്ട് ഹാദിയയെ കെട്ടിച്ചതിലാണു ദുഃഖം. വേദന കഴിച്ചു ജീവിക്കാൻ തുടങ്ങിയിട്ടു നാളേറെയായി. പറയുന്നതു മനസ്സിലാക്കാനുള്ള മാനസികാവസ്ഥയിലല്ല ഹാദിയ. മകളുടെ മാനസികാവസ്ഥ മോശമാണെന്നും അമ്മ കൂട്ടിച്ചേർത്തു.

പഠനം പൂർത്തിയാക്കാൻ സുപ്രീം കോടതി ഹാദിയയെ അനുവദിച്ചിരുന്നു. ഷെഫിൻ ജഹാനെയോ വിശ്വാസപരമായ കാര്യങ്ങളെയോ കുറിച്ചോ മാതാപിതാക്കളുടെ കൂടെ വിടുന്നതിനെക്കുറിച്ചോ കോടതി വിധിയിൽ പറഞ്ഞിട്ടില്ല.