ഷെഫിൻ ജഹാനെ കാണണം, മുഴുവൻ സമയ സുരക്ഷ ആവശ്യമില്ല: ഹാദിയ

ഹാദിയയെ ശിവരാജ് ഹോമിയോ മെഡിക്കൽ കോളജിലെത്തിച്ചപ്പോള്‍. ചിത്രം: ധനേഷ് അശോകൻ

സേലം∙ ഹോമിയോ കോളജിൽ തുടർപഠനത്തിന് എത്തിയ തനിക്ക് മുഴുവൻ സമയ സുരക്ഷ ആവശ്യമില്ലെന്ന് ഹാദിയ. എന്നാൽ തൽക്കാലം പൊലീസ് കൂടെയുണ്ടാകുമെന്ന് കോളജ് അധികൃതർ വ്യക്തമാക്കി. ഷെഫിൻ ജഹാനെ കാണാൻ അനുവദിക്കണമെന്നും ഹാദിയ ആവശ്യപ്പെട്ടു. ഒരു ദിവസം അനുവദിക്കാമെന്ന് പൊലീസ് പറഞ്ഞതായി ഹാദിയ പറഞ്ഞു. സേലത്തെ കോളജിലെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഹാദിയ.

സുപ്രീംകോടതിയുടെ നിർദേശം പ്രകാരം സേലം ശിവരാജ് ഹോമിയോ കോളജിലെ നടപടികൾ പൂർത്തിയാക്കുവാനായി എത്തിയ ഹാദിയ. ചിത്രം : ധനേഷ് അശോകൻ

ഹാദിയയ്ക്ക് ആവശ്യമെങ്കില്‍ മുഴുവന്‍സമയ സുരക്ഷയൊരുക്കുമെന്ന് സേലം ഡിസിപി സുബ്ബലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കോളജ് അധികൃതരും ഹാദിയയും ആവശ്യപ്പെടുന്നതനുസരിച്ചു തീരുമാനമെടുക്കും. ഷെഫിന്‍ ജഹാനു സന്ദര്‍ശനം അനുവദിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞിട്ടുണ്ട്. അച്ഛൻ അശോകന് ഹാദിയയെ കാണുന്നതില്‍ തടസമില്ലെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഷെഫിൻ ജഹാൻ ഹാദിയയെ കാണാൻ ശ്രമിച്ചാൽ അതു തടയുമെന്ന് പിതാവ് അശോകൻ പറഞ്ഞു. അതിനായി നിയമനടപടി ആലോചിക്കുന്നുണ്ട്. ഷെഫിന്റെ തീവ്രവാദബന്ധത്തെക്കുറിച്ച് സ്ഥിരീകരിക്കേണ്ടത് കോടതിയാണ്. ഹാദിയയെ കാണാൻ സേലത്തു പോകുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും അശോകൻ പറഞ്ഞു.

ഹാദിയയുമായി പൊലീസ് സംഘം സേലത്തേക്കു പോകുന്നു. ചിത്രം: ധനേഷ് അശോകൻ

ഹാദിയ സേലം ഹോമിയോ കോളജിലെത്തി

പഠനം തുടരാൻ സുപ്രീം കോടതി അനുവദിച്ചതിനെത്തുടർന്ന് ഡൽഹിയിൽനിന്ന് ഉച്ചയോടെ പുറപ്പെട്ട ഹാദിയ സേലത്തെത്തി. കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ ഹാദിയയെ റോഡുമാർഗമാണ് ഇവിടെയെത്തിച്ചത്. കോടതി വിധിയുണ്ടായിരുന്നതിനാൽ വിഐപി സുരക്ഷയാണ് തമിഴ്നാട് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ഹാദിയയെ സേലത്ത് എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേരള ഹൗസ് അധികൃതര്‍ക്കു മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയിരുന്നു. സുപ്രീം കോടതി ഉത്തരവു പാലിക്കണമെന്നും നടപടികള്‍ വൈകരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചു. രാവിലെ പതിനൊന്നോടെയാണ് ഹാദിയയുമായി പൊലീസ് സംഘം കേരള ഹൗസിൽനിന്ന് വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്. 1.20ന്റെ ഇന്‍ഡിഗോ വിമാനത്തിലായിരുന്നു കോയമ്പത്തൂരിലേക്കുള്ള യാത്ര.

കോളജ് ഹോസ്റ്റല്‍ സൗകര്യങ്ങളും മറ്റും, മറ്റുള്ള വിദ്യാര്‍ഥികളെ പോലെ മാത്രമേ ഹാദിയയ്ക്കു ലഭ്യമാകൂ. എന്നാല്‍ ഹാദിയയ്ക്കു ചുറ്റും തമിഴ്നാട് പൊലീസിന്‍റെ ശക്തമായ സുരക്ഷാവലയമുണ്ടായിരിക്കും. വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണു സുരക്ഷാചുമതല. ഹാദിയെ കാണുന്നതില്‍നിന്നു സന്ദര്‍ശകര്‍ക്കു വിലക്കില്ല. എന്നാല്‍, ഷെഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കുമോയെന്ന കാര്യത്തില്‍ കോടതി വ്യക്തത വരുത്തിയില്ല. സുപ്രീംകോടതി വിലക്കിയിട്ടില്ലെന്നും ഹോസ്റ്റലിലെത്തി ഹാദിയയെ കാണുമെന്നും ഷെഫിൻ ജഹാൻ പറഞ്ഞു.

കോയമ്പത്തൂർ വിമാനത്താവളത്തിനു പുറത്ത് ഹാദിയ എത്തുന്നതു കാത്തിരിക്കുന്നവർ. ചിത്രം: ധനേഷ് അശോകൻ

ഷെഫിന്‍ ജഹാനൊപ്പം പോകണമെന്ന ഹാദിയയുടെ ആവശ്യത്തിനു കോടതി തല്‍ക്കാലത്തേക്ക് അംഗീകാരം നല്‍കിയില്ല. എന്‍ഐഎയുടെ വാദങ്ങളെയും കോടതി തള്ളിയിരുന്നില്ല. ഹാദിയയെ പഠിക്കാൻ അനുവദിക്കുന്നതിനൊപ്പം എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജനുവരി മൂന്നിനു കേസ് പരിഗണിക്കുമ്പോൾ ഈ വാദമുഖങ്ങള്‍ വീണ്ടും ഉയര്‍ന്നുവരും.

ഹാദിയയ്ക്ക് കോളജിൽ നിയന്ത്രണങ്ങളുണ്ടായിരിക്കില്ല: ഡയറക്ടർ

സുപ്രീം കോടതി നിർദേശ പ്രകാരം പഠനം തുടരാനെത്തുന്ന ഹാദിയയ്ക്ക് കോളേജിൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കില്ലെന്നു ശിവരാജ് മെഡിക്കൽ കോളേജ് മാനേജിങ് ഡയറക്ടർ കൽപ്പന ശിവരാജ് പറഞ്ഞു. സർവകലാശാല അനുമതിയോടെ കോളേജിൽ പുനഃപ്രവേശനം നേടാം. ഹാദിയയുടെ സുരക്ഷ സംബന്ധിച്ച് ജില്ലാകലക്ടർക്കും കമ്മിഷണർക്കും കത്തെഴുതിയിട്ടുണ്ടെന്നും കൽപ്പന വ്യക്തമാക്കി.

അതേസമയം, ഹാദിയയുടെ മതപരിവര്‍ത്തനവുമായി കോളജിനു ബന്ധമില്ലെന്നു പ്രിന്‍സിപ്പല്‍ ഡോ. ജി. കണ്ണന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ആദ്യ വര്‍ഷമൊഴികെ നാലുവര്‍ഷവും ഹാദിയയുടെ താമസം കോളജിനു പുറത്തായിരുന്നു. മതസംഘടനകളുമായുള്ള ബന്ധം അറിയില്ലെന്നും എന്നാല്‍ ഹാദിയയ്ക്കു തുടര്‍പഠനത്തിനു തടസമില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.