Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഷേധങ്ങൾ ഫലിച്ചു; കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് കേന്ദ്രം പിൻവലിക്കും

cow

ന്യൂഡൽഹി∙ രാജ്യമെമ്പാടും വിവാദങ്ങൾക്കും ആക്രമണങ്ങൾക്കും കാരണമായ കന്നുകാലി കശാപ്പ് നിരോധനം പിൻവലിക്കാൻ കേന്ദ്ര സർക്കാർ. കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചതായി വനം, പരിസ്ഥിതി മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മൃഗങ്ങൾക്കതിരെയുള്ള ക്രൂരത തടയൽ നിയമം ഭേദഗതി ചെയ്ത് 2017 മേയ് 23നാണ് വിവാദ ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനെതിരെ നിലപാടെടുത്തു. പലഭാഗത്തുനിന്നും വലിയ ആക്ഷേപവും വിമർശനമുണ്ടായി. സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ ആയുധമായും ഉത്തരവ് മാറി. ഇതോടെയാണ് ഉത്തരവ് പിൻവലിക്കുന്നതിനെ കുറിച്ചാലോചിക്കാൻ കേന്ദ്രം തീരുമാനിച്ചത്. ഉത്തരവ് പിൻവലിക്കുകയാണെന്നു കാണിച്ചു നിയമമന്ത്രാലയത്തിനു കത്തയച്ചെന്നാണു റിപ്പോർട്ട്.

വിവിധ സംസ്ഥാനങ്ങളിൽ ഗോ സംരക്ഷകരുടെ നേതൃത്വത്തിൽ അക്രമങ്ങൾ വ്യാപിച്ചത് കേന്ദ്രത്തിന് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. കർഷകരുടെ എതിർപ്പും ശക്തമായിരുന്നു. കാർഷികാവശ്യത്തിന് മാത്രമേ ഇനി കന്നുകാലി ചന്തകൾ പ്രവർത്തിക്കാവൂ എന്ന ഉത്തരവ് പ്രായോഗികമായി നടപ്പാക്കാനാവില്ലെന്നു കർഷകർ പറഞ്ഞു. നിരോധനം പിൻവലിക്കുമെന്ന ആദ്യ സൂചന വന്നത് കേന്ദ്രമന്ത്രി ഹർഷവർധന്റെ ഭാഗത്തുനിന്നായിരുന്നു. ജനങ്ങളുടെ ഭക്ഷണശീലത്തെയോ കർഷകരെയോ ബാധിക്കുന്ന തരത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.

സംസ്ഥാനങ്ങളുടെയും കർഷകരുടെയും മൃഗസംരക്ഷകരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചാണു കേന്ദ്രം നിലപാട് മാറ്റുന്നത്. കേരളം, ബംഗാൾ, മേഘാലയ സംസ്ഥാനങ്ങൾ നിയമപരമായിത്തന്നെ ഉത്തരവിനെതിരെ രംഗത്തെത്തി. മേയ് അവസാനത്തിൽ മദ്രാസ് ഹൈക്കോടതി ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്തു. ജൂലൈയിൽ സുപ്രീം കോടതി രാജ്യമാകെ സ്റ്റേ കൊണ്ടുവന്നതോടെ കേന്ദ്രം പ്രതിരോധത്തിലായിരുന്നു.